എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്‍; സര്‍ക്കാര്‍ ഓഫീസ് വിവരങ്ങള്‍ ഇനി മൊബൈല്‍ ഫോണില്‍

post

എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടേയും വിശദാംശം ഉടന്‍ എന്‍ഐസി യ്ക്ക് നല്‍കണം: ജില്ലാ കലക്ടര്‍

ഇടുക്കി: എന്റെ ജില്ലാ; മൊബൈല്‍ ആപ്ലിക്കേഷന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടേയും വിശദാംശം ഉടന്‍ ജില്ലാ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന് (എന്‍ഐസി) നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ജില്ലാ തല ഉദ്യോഗസ്ഥരുടെ ഇതുസംബന്ധിച്ച അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സര്‍ക്കാര്‍ ഓഫീസ് വിവരങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ജില്ലകളുടെ പേരാണ് ആദ്യം കാണുന്നത്. അതില്‍ നിങ്ങളുടെ ജില്ലാ തെരഞ്ഞെടുക്കാം. തുറന്നു വരുന്ന പേജില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ ഐക്കണുകള്‍ നമുക്ക് കാണാന്‍ സാധിക്കും. കൂടാതെ പ്രധാനപ്പെട്ട ഓഫീസുകളുടെ വിശദവിവരങ്ങളും ആപ്പിലൂടെ ലഭിക്കും. ഓഫീസിന്റെ ഫോണ്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, പോസ്റ്റല്‍ വിലാസം, ലൊക്കേഷന്‍(സ്ഥാനം) എന്നിവയോടൊപ്പം പ്രസ്തുത ഓഫീസിന്റെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാനും അഭിപ്രായം നല്‍കാനുമുള്ള സൗകര്യവും എന്റെ ജില്ലാ ആപ്ലിക്കേഷനിലുണ്ട്. മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് ഓരോ ഓഫീസിന്റേയും പ്രവര്‍ത്തനം ആപ്പിലൂടെ നിരീക്ഷിക്കാനും കഴിയും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യമാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച എന്റെ ജില്ലാ ആപ്ലിക്കേഷനിലുള്ളത്.

ഉദാഹരണത്തിന് ഇടുക്കി ജില്ലയുടെ പ്രധാന പേജില്‍ ആദ്യം കാണുന്ന റവന്യൂ വകുപ്പ് തിരഞ്ഞെടുത്താല്‍ കളക്ടറേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള റവന്യൂ കാര്യാലയങ്ങളുടെ പട്ടിക കാണാം. അതു പോലെ പ്രധാനപ്പെട്ട ഓഫീസുകളുടെ ഐക്കണില്‍ അമര്‍ത്തിയാല്‍ സബ് ഓഫീസുകളുടെ പേരും ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും തെളിയും. മേക്ക് എ കോള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആ ഓഫീസിലെ ഫോണ്‍ വിളിക്കാം. ആപ്ലിക്കേഷനില്‍ നിന്ന് നേരിട്ട് കോള്‍ ചെയ്യാം. ലൊക്കേറ്റ് ഓണ്‍ മാപ്പ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഓഫീസ് എവിടെയെന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടെത്താം. റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനില്‍ ഫോണ്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്താം. ഇവിടെ ഓഫീസുമായി ബന്ധപ്പെട്ട അനുഭവം എഴുതുകയും സ്റ്റാര്‍ റേറ്റിംഗ് നല്‍കുകയും ചെയ്യാം.

ഇ-മെയില്‍ അയയ്ക്കാനും അധിക വിവരങ്ങള്‍ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ നല്‍കുന്ന റേറ്റിംഗും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവര്‍ക്കും കാണാം. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫീസുകള്‍ സെര്‍ച്ച് ചെയ്ത് ഇത് കണ്ടെത്താനും സൗകര്യമുണ്ട്. ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ അറിയിക്കുന്ന അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ഉടന്‍ വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റവന്യൂ, പോലീസ്, റോഡ് ട്രാന്‍സ്പോര്‍ട്ട്, ആരോഗ്യം, തദ്ദേശസ്വയംഭരണം, കെഎസ്ഇബി, കൃഷി, പൊതുവിതരണം, രജിസ്ട്രേഷന്‍, മൃഗസംരക്ഷണം, ഫീഷറീസ്, വിദ്യാഭ്യാസം, വ്യവസായം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, അക്ഷയ, കോളേജുകള്‍, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ട്രഷറി, ജലസേചനം, സാമൂഹ്യനീതി, അഗ്നിരക്ഷ, ടൂറിസം, കെഎസ്എഫ്ഇ, കോടതികള്‍, ക്ഷീരവികസനം, എംപ്ലോയ്മെന്, വനം, എക്സൈസ്, ജിഎസ്ടി, തുറമുഖം, ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങിയ വിവിധ ഓഫീസുകളുടെ വിവരങ്ങളാണ് ആപ്പില്‍ ഉള്ളത്. കൂടാതെ മറ്റ് പ്രധാന ജില്ലാ ഓഫീസുകളും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുണ്ട്.

എന്റെ ജില്ലാ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേറ്റിക്‌സ് ഓഫീസര്‍ സെബാസ്റ്റ്യന്‍ കെ.എല്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, വിവിധ വകുപ്പ് തല മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വിശദാംശം അയച്ചു നല്‍കേണ്ട എന്‍ഐസി യുടെ ഇ-മെയില്‍ വിലാസം keridk@nic.in