അസംഘടിത തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം രജിസ്ട്രേഷന്‍ അരലക്ഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി
മലപ്പുറം: അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം രജിസ്ട്രേഷന്‍ പ്രകാരം ജില്ലയില്‍ അരലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. 16-നും 59-നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അര്‍ഹതയില്ലാത്തതും ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്ട്രേഷന്‍ നടത്തണം.
ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാകുന്നതും കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും. തൊഴിലാളികള്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷൂറന്‍സ് ആയി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് register.eshram.gov.in ല്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍/കോമണ്‍ സര്‍വീസ് കേന്ദ്രങ്ങള്‍ (സി.എസ്.സി)/ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി e-SHRAM Portal-ല്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അത്യാവശ്യമാണ്.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍, നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കനവാടി പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, തയ്യല്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ക്വാറി തൊഴിലാളികള്‍ തുടങ്ങി ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്ത, ഇന്‍കം ടാക്സ് പരിധിയില്‍ വരാത്ത എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്ട്രേഷന്‍ നടത്താം. അര്‍ഹരായ മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 31നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.