പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

post

 കോട്ടയം : ഫിഷറീസ് വകുപ്പ്  നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിലും  മീനച്ചിലാറിലും  നിക്ഷേപിച്ചു.  അഡാക്കിന്റെ വര്‍ക്കലയിലെ ഹാച്ചറിയില്‍ നിന്നെത്തിച്ച കൊഞ്ചുകുഞ്ഞുങ്ങളെ   മൂവാറ്റുപുഴയാറിന്റെ  ചെമ്പ് മൂലേക്കടവ് ഭാഗത്തും  മീനച്ചിലാറിന്റെ കോട്ടയം താഴത്തങ്ങാടി ഭാഗത്തും അഞ്ച് ലക്ഷം വീതമാണ് നിക്ഷേപിച്ചത്.

ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഇതിലൂടെ മത്സൃത്തൊഴിലാളികളുടെ തൊഴിലും വരുമാനവും മെച്ചപ്പെടുത്തുന്നതിനും വേണ്ടി നടപ്പാക്കുന്നതാണ് പദ്ധതി. ഒരു രൂപയാണ് ഒരു കൊഞ്ചുകുഞ്ഞിന്റെ വില.  എട്ട് മാസം കൊണ്ട്  പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന കൊഞ്ചിന് 70 മുതല്‍ 80 ഗ്രാം വരെ ശരാശരി തൂക്കമുണ്ടാകും.  ചെമ്പില്‍ സി.കെ ആശ എം എല്‍ എ  ഉദ്ഘാടനം നിര്‍വ്വഹിച്ചു.  വൈക്കം    ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്,  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പ മണി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ പി. കണ്ണന്‍ , കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

 താഴത്തങ്ങാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി  ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എന്‍. വിനോദ്, കെ. ശങ്കരന്‍ , ബിന്ദു സന്തോഷ് കുമാര്‍ , കൗണ്‍സിലര്‍ ജിഷാ ജോഷി എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  പി. ശ്രീകുമാര്‍ സ്വാഗതവും എക്സ്റ്റ്ന്‍ഷന്‍ ഓഫീസര്‍ പി. കണ്ണന്‍ നന്ദിയും പറഞ്ഞു.