വായനയുടെ ഡിജിറ്റല്‍ ലോകത്തേക്ക് വാതില്‍ തുറന്ന് രാമപുരം സ്‌കൂള്‍

post

ആലപ്പുഴ: ക്ലാസുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലേക്ക് മാറിയ കോവിഡ് കാലത്ത് വായനയുടെ ഡിജിറ്റല്‍ സാധ്യതകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയാണ് രാമപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 

യു. പ്രതിഭ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്നും 12.33 ലക്ഷം രൂപ വകയിരുത്തി അത്യാധുനിക സംവിധാനങ്ങളോടെയാണ്  ജില്ലയിലെ തന്നെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രന്ഥശാല ഇവിടെ സജ്ജമാക്കിയത്. 

ആറു കമ്പ്യൂട്ടറുകളിലായി അറുനൂറോളം പുസ്തകങ്ങള്‍ ഈ ഗ്രന്ഥശാലയിലുണ്ട്. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, നോവലുകള്‍, ചരിത്ര പുസ്തകങ്ങള്‍ എന്നിവയ്ക്കു പുറമെ പ്രവേശന പരീക്ഷാ സഹായികളും പി.എസ്.സി മാതൃകാ ചോദ്യങ്ങളും പൊതുവിജ്ഞാന പ്രസിദ്ധീകരണങ്ങളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് അനായാസം മനസിലാക്കുന്നതിനായി ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, പ്രസന്റേഷന്‍ രൂപങ്ങളില്‍ പുസ്തകങ്ങളും വിവരങ്ങളും ലഭ്യമാണ്.

വിദ്യാര്‍ഥികള്‍ക്ക് ഒഴിവുസമയങ്ങളില്‍ എത്തി വായിക്കാവുന്ന രീതിയിലാണ് ലൈബ്രറിയുടെ ക്രമീകരണം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് ഗ്രന്ഥശാല അനുവദിച്ചെങ്കിലും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.