'സമം' പരിപാടിക്കു ജില്ലയില്‍ വര്‍ണാഭമായ തുടക്കം

post

സ്ത്രീകള്‍ക്ക് തുല്യപദവി; പ്രസംഗം മാത്രമല്ല പ്രവര്‍ത്തിയും വേണമെന്ന് മന്ത്രി വി.എന്‍. വാസവന്‍

കോട്ടയം: സ്ത്രീകളുടെ തുല്യപദവിക്കായി പ്രസംഗിക്കുമെങ്കിലും പ്രവര്‍ത്തിയില്‍ പലരും പിന്നാക്കമാണെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍. സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി സാംസ്‌കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന 'സമം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും വനിത ചിത്രകലാക്യാമ്പും വിദ്യാര്‍ഥിനികള്‍ക്കുള്ള ചിത്രകല കളരിയും കോട്ടയം മാമന്‍മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവി നല്‍കിയാലേ തുല്യത കൈവരിക്കാനാകൂ. പ്രസംഗം മാത്രം പോരാ, പ്രവര്‍ത്തിയും വേണം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റില്‍ സ്ത്രീ സംവരണം കൊണ്ടുവന്നത് വലിയ മാറ്റമാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 33 ശതമാനം സംവരണം നടപ്പാക്കണമെന്ന ആവശ്യം നടപ്പായില്ല. ക്ഷീരമേഖലയില്‍ സ്ത്രീകളാണ് കൂടുതല്‍ ഇടപെടുന്നതെങ്കിലും ക്ഷീരസഹകരണ സംഘങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്നില്ല. സഹകരണസംഘം പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്ത്രീയായിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവന്നു. സമൂഹത്തെ സാംസ്‌കാരികമായും സാമൂഹികപരമായും മുന്നോട്ടു നയിക്കുന്നതില്‍ കലകളും സാഹിത്യവും വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സമൂഹിക പ്രശ്നങ്ങള്‍ ചിത്രകലയിലൂടെ അവതരിപ്പിക്കപ്പെടുകയും ലോകം ശ്രദ്ധിക്കുകയും ചെയ്ത അനുഭവങ്ങള്‍ നമ്മുക്കുണ്ട്. ഭിന്നശേഷിക്കാരായ ചിത്രകാരികളെയടക്കം പങ്കെടുപ്പിച്ച് ലളിതകലാ അക്കാദമി നടത്തുന്ന വനിത ചിത്രകലാ ക്യാമ്പ് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി പദ്ധതി പരിപ്രേക്ഷ്യം വിശദീകരിച്ചു. സമം സംസ്ഥാന പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്, ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ്, വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, അക്കാദമി സെക്രട്ടറി പി.വി. ബാലന്‍ എന്നിവര്‍ പങ്കെടുത്തു. 

സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ വനിത ചിത്രകലാ ക്യാമ്പില്‍ സംസ്ഥാനത്തെ പ്രമുഖരായ 25 വനിതകള്‍ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ വനിത ചിത്രകാരികളും ക്യാമ്പില്‍ പങ്കെടുക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായി ത്രിദിന ചിത്രകലാ കളരിയും സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പ് ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ വനിതകള്‍ അനുഭവം പങ്കുവയ്ക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരും കുടുബശ്രീ പ്രവര്‍ത്തകരും അവതരിപ്പിക്കുന്ന മ്യൂസിക് ഫൂഷന്‍, കരോക്കെ ഗാനമേള, വില്‍പ്പാട്ട്, നാടന്‍ പാട്ട്, ഡാന്‍സ്, കവിതാലാപനം, തീമാറ്റിക് ഡാന്‍സ്, നാടകം എന്നിവ, വിവിധ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടക്കും. നവംബര്‍ 30 ന് ചിത്രകലാ ക്യാമ്പിന്റെ സമാപന ചടങ്ങില്‍ ജില്ലയിലെ പ്രമുഖ വനിതകളെ ആദരിക്കും. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, വിവിധ വകുപ്പുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.