കുടുംബശ്രീ നാടിന്റെ മുഖശ്രീ : ഡെപ്യൂട്ടി സ്പീക്കര്‍

post

പത്തനംതിട്ട: കുടുംബശ്രീ നാടിന്റെ മുഖശ്രീ ആണെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കിയ സാമ്പത്തിക ധനസഹായ വിതരണത്തിന്റെ കടമ്പനാട് ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  ഡെപ്യുട്ടി സ്പീക്കര്‍. സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. നിലവില്‍ 45 ലക്ഷത്തിലേറെ വനിതകള്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം സാമ്പത്തിക ക്രയവിക്രയം നടക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറിയിരിക്കുകയാണ്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചയ്ക്കായി  സംസ്ഥാന സര്‍ക്കാര്‍  പരമാവധി സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് യോഗത്തില്‍ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ വില്‍സണ്‍, ലിന്റോ വൈ, മണിയമ്മ, സിന്ധു, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സലീന സലിം, പഞ്ചായത്ത് സെക്രട്ടറി പ്രസാദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ അജു ബിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ചടങ്ങില്‍ 28 പേര്‍ക്ക് ധനസഹായം നല്‍കി. പദ്ധതി പ്രകാരം രണ്ടു  ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ നാലു ശതമാനം പലിശയില്‍ വായ്പ  നല്‍കും. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കാണ് നടത്തിപ്പ് ചുമതല. കുടുംബശ്രീ ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്നതിനും സ്വയം തൊഴില്‍ കണ്ടെത്താനും അതുവഴി വരുമാനമാര്‍ഗം കണ്ടെത്താനും അങ്ങനെ കുടുംബങ്ങളെ  ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ പലിശ രഹിതമായി രണ്ടുലക്ഷം രൂപ നല്‍കുന്ന പദ്ധതിയും ഇതിന്റെ ഭാഗമായി ഉണ്ട്.