അജയ്യം, ജൈവീകം പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

post

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം, ജൈവീകം എന്നീ പദ്ധതികള്‍ ഇന്ന് (നവംബര്‍ 29) രാവിലെ 10ന് സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസം നേടിയ നിര്‍ധനരായ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്ന പദ്ധതിയാണ് അജയ്യം. ഹോപ്‌സ് പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. 

ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി കോവിഡ് പ്രതിരോധം, കോവിഡാനന്തര ആയുര്‍വേദ ചികിത്സ, കൗണ്‍സലിംഗ്, തൊഴില്‍ പരിശീലനം, മാനസിക ഉല്ലാസ പരിപാടികള്‍ എന്നിവ ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ്  ജൈവീകം. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കില്‍സ്, ആലപ്പുഴ ജില്ലാ വീല്‍ ചെയര്‍ യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, കെ.എ.പി.എസ് എന്നിവയുടെയും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഉദ്ഘാടനടച്ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയാവും.