അരൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടത്തി

post

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍  ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന  വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുറവൂര്‍ ടി.ഡി.എച്ച്.എസ്.എസില്‍  നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍  അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ഐ രാജീവിന്റെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍.

കമ്മീഷനിംഗ് നടത്തി സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റിയ 116 വോട്ടിംഗ് യന്ത്രങ്ങളില്‍ 93 എണ്ണമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക. 20 ശതമാനം യന്ത്രങ്ങള്‍ കരുതല്‍ ശേഖരത്തില്‍ വയ്ക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന്‍, അരൂര്‍ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്‍ തുടങ്ങിയവര്‍ നടപടികളില്‍ പങ്കാളികളായി. 

ആറാം തീയതിയാണ് വോട്ടിംഗ് യന്ത്രങ്ങളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം. ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. 

അരൂര്‍, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്, തുറവൂര്‍ പഞ്ചായത്തുകളിലായി 52 വാര്‍ഡുകളിലെ 67,070 വോട്ടര്‍മാരാണ് ജില്ലാ പഞ്ചായത്ത് ആരൂര്‍ ഡിവിഷനിലുള്ളത്.