കയര്‍ഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിന് ഓണ്‍ലൈന്‍ സംവിധാനം വരും: മന്ത്രി പി.രാജീവ്

post

തിരുവനന്തപുരം: വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത കയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും ശ്രദ്ധയൂന്നിയാകും രണ്ടാം കയര്‍ പുനഃസംഘടനാ പദ്ധതിയെന്നും പുതിയ വിപണികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കയര്‍ഫെഡ് ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്പന സാധ്യമാക്കുമെന്നും വ്യവസായ മന്ത്രി പി രാജീവ്. കയര്‍ഫെഡിന്റെ 'പുതുവര്‍ഷ സ്വര്‍ണ്ണമഴ' കൂപ്പണ്‍ പദ്ധതിയുടെയും കയര്‍ഫെഡ് ജീവനക്കാര്‍ക്കുള്ള  'കയര്‍ ചാമ്പ്യന്‍' പദ്ധതിയുടെയും ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൊഴില്‍നഷ്ടം കൂടാതെയുള്ള യന്ത്രവല്‍ക്കരണവും ആധുനികവല്‍ക്കരണവുമാണ് കയര്‍ഫെഡില്‍ നടത്തുന്നതെന്നും നിര്‍മിക്കുന്ന ഭൂവസ്ത്രങ്ങള്‍ക്ക്  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിപണി കണ്ടെത്തുമെന്നും  മന്ത്രി പറഞ്ഞു.

പുതുവത്സര സ്വര്‍ണമഴ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കയര്‍ഫെഡ് ഉത്പന്നങ്ങള്‍ 2000 രൂപയ്ക്കോ അതിലധികമോ വിലക്ക് വാങ്ങുന്നവര്‍ക്ക് 40 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടൊപ്പം ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച് സ്വര്‍ണ്ണമഴ  നറുക്കെടുപ്പിന്റെ ഭാഗമായി സ്വര്‍ണ്ണനാണയങ്ങള്‍ നേടാനുള്ള അവസരവും  ഒരുക്കിയിട്ടുണ്ടെന്ന് കയര്‍ഫെഡ് ചെയര്‍മാന്‍ എന്‍ സായികുമാര്‍ പറഞ്ഞു. കയര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ സി. സുരേഷ്‌കുമാര്‍, ബോര്‍ഡ് മെമ്പര്‍മാരായ കഠിനംകുളം സാബു, ആര്‍. അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.