കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് തുടക്കം

post

പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും സാംസ്്കാരിക വകുപ്പിന്റെയും സഹകരണത്തോടെ നവംബര്‍ 8 മുതല്‍ 13 വരെ കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നടക്കും. 

കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച എം.ഡി. രാമനാഥന്‍ നഗറിലെ പ്രത്യേക വേദിയില്‍ അരങ്ങേറുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നവംബര്‍ 8ന് വൈകിട്ട് ആറിന് വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും.

സംഗീതോത്സവത്തിന്റെ ഭാഗമായി വീണാകലാനിധി വീണ വിദ്വാന്‍ ദേശമംഗലം സുബ്രഹ്മണ്യയ്യര്‍ സ്മരണയ്ക്കായി സംഘടിപ്പിച്ച കര്‍ണാടകസംഗീത മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യും. തുടര്‍ന്ന് സംഗീത കലാനിധി പദ്മഭൂഷണ്‍ ടി.വി ശങ്കരനാരായണന്‍ സംഗീതകച്ചേരി അവതരിപ്പിക്കും.

എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, രമ്യ ഹരിദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ മുഖ്യാതിഥികളായിരിക്കും. മ്യൂസിക് കംപോസര്‍ വിദ്യാധരന്‍ മാസ്റ്റര്‍, മ്യൂസിക്കോളജിസ്റ്റ് ആര്‍. കൃഷ്ണകുമാര്‍, മണ്ണൂര്‍ രാജകുമാരനുണ്ണി എന്നിവരെ ആദരിക്കും.  

നവംബര്‍ 13ന് വൈകിട്ട് ആറിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, എഴുത്തുകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍, ഡോ.കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.