സംസ്ഥാനത്ത് ഒരിഞ്ച് മണ്ണുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുക ലക്ഷ്യം

post

തരിശുരഹിത വളളിക്കോട് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട:  പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരം മൂന്നാം കലുങ്കില്‍ തരിശുരഹിത വളളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

പതിനഞ്ചു ലക്ഷത്തി എഴുപതിനായിരം ലക്ഷം ടണ്‍ പച്ചക്കറിയാണു പ്രതിവര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഏഴു ലക്ഷം ടണ്‍ പച്ചക്കറികള്‍കൂടി ഉത്പാദിപ്പിക്കാനായാല്‍ കേരളത്തിനു പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിക്കും.  വിലക്കയറ്റം എന്ന പ്രതിസന്ധിയെ മറികടക്കുവാന്‍ അവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. എന്നാല്‍ അവയുടെ ശാശ്വത പരിഹാരം നമുക്കാവശ്യമായ പച്ചക്കറികള്‍ നാം സ്വയംതന്നെ കൃഷി ചെയ്യുക എന്നതു തന്നെയാണ്. കേരളത്തിന്റെ മണ്ണില്‍  ഒരിഞ്ചുപോലും തരിശുഭൂമിയില്ലാതെ കൃഷിയോഗ്യമാക്കുകയാണു ലക്ഷ്യം. അതിനാവശ്യമായ എല്ലാ സഹകരണവും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വള്ളിക്കോട് പഞ്ചായത്തിലെ തരിശ് കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിനുളള പദ്ധതിയാണ് തരിശുരഹിത വളളിക്കോട് പദ്ധതി. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് എന്നിവയുടെ സഹകരണത്തോടെ കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരത്ത് നെല്‍കൃഷി ഞാറുനടീല്‍ നടത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കര്‍ഷക തൊഴിലാളികളായ കുറ്റിവടക്കതില്‍ കൊച്ചുചെറുക്കന്‍, മലയില്‍ പുരയ്ക്കല്‍ കുട്ടി എന്നിവരെ മന്ത്രി ആദരിച്ചു. 

ചടങ്ങില്‍ കരിമ്പ് കൃഷി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. അടുക്കളത്തോട്ടം പച്ചക്കറി തൈ വിതരണ ഉദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ വിജയ ലക്ഷ്മിക്ക് നല്‍കി നിര്‍വഹിച്ചു.

   വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, വള്ളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആര്‍ പ്രമോദ്,  വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എം.പി ജോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.ഗീതകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി.സുഭാഷ്, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി.ജെ ജോര്‍ജ് ബോബി, സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.