ലക്ഷ്യമിടുന്നത് കാര്‍ഷിക സമൃദ്ധിയുടെ വീണ്ടെടുപ്പ് മന്ത്രി പി. പ്രസാദ്

post



കടക്കരപ്പള്ളിയില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: നാടിന്റെ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേരഗ്രാമം പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. 

കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍  കേരഗ്രാമത്തിന്റെയും അനുബന്ധ പരിപാടികളുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക പദ്ധതികള്‍ക്ക് മുന്‍ഗണനയും പങ്കാളിത്തവും ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. സംസ്ഥാനം രൂപംകൊണ്ട കാലവുമായി താരതമ്യം ചെയ്യുന്‌പോള്‍ നാളികേര കൃഷിയിലുണ്ടായ ഗണ്യമായ കുറവ് ഗൗരവമായി പരിഗണിച്ചാണ് കേരഗ്രാമം പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

കേരഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി മൂന്നു വര്‍ഷത്തേക്ക് 76 ലക്ഷം രൂപയാണ് കടക്കരപ്പള്ളി പഞ്ചായത്തിന് അനുവദിച്ചിരിക്കുന്നത്. കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുത്തറ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. ശിവപ്രസാദ്, സജിമോള്‍ ഫ്രാന്‍സിസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനികുമാര്‍, ജനപ്രതിനിധികളായ എല്‍. മിനി, ബിന്ദു ഷിബു, ടി.കെ. സത്യാനന്ദന്‍, ഷിജി, റാണി ജോര്‍ജ്, പി.ഡി. ഗഗാറിന്‍, സിനി സാലസ്, ബെന്‍സി ജോസ്, മേരിക്കുഞ്ഞ്, കെ.കെ. ബീന, അമ്പിളി മുരളി, ചന്ദ്രദാസ്, ജാന്‍സി ബെന്നി, സ്റ്റാലിന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി.വി. റെജി, ഡെപ്യൂട്ടി ഡയറക്ടര്‍ എലിസബത്ത് ഡാനിയല്‍  തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ നടന്ന കാര്‍ഷിക സെമിനാറില്‍ ഡോ. കലാവതി, ഡോ. ജോസഫ് രാജ്കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.