റാന്നി മണ്ഡലത്തില്‍ കിറ്റ്സ് സ്ഥാപിക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

post

വെച്ചൂച്ചിറ ഗവ.പോളിടെക്നിക് കോളേജിന് പുതിയതായി മൂന്നു കെട്ടിടങ്ങള്‍കൂടി; നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) തുടങ്ങുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വെച്ചൂച്ചിറ ഗവ.പോളിടെക്നിക് കോളേജില്‍ 3.50 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പുതിയ മൂന്നു കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

റാന്നിയില്‍ കിറ്റ്സ് സ്ഥാപിക്കുന്നതോടെ വിനോദ സഞ്ചാര മേഖലയിലും പത്തനംതിട്ട ജില്ലയ്ക്കും മുതല്‍ക്കൂട്ടാകും.   കാലഘട്ടത്തിനനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ നവീന വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കിവരുന്നു. വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്ത് തൊഴില്‍ അധിഷ്ടിതമായ മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ മാറ്റുന്ന പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തിവരുന്നു. റാന്നിയില്‍ നോളജ് വില്ലേജ് എന്ന അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ വീക്ഷണത്തിന്  വെച്ചൂച്ചിറ ഗവ. പോളിടെക്നിക് കോളേജ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. നവീന പരിശീലനങ്ങള്‍ക്കും എന്റര്‍പ്രണര്‍ഷിപ്പ്, സ്റ്റാര്‍ട്ട്അപ്പ് തുടങ്ങിയവയ്ക്കും വെച്ചൂച്ചിറ ഗവ. പോളിടെക്നിക്കില്‍ നിന്ന് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. പുതിയതായി നിര്‍മ്മിക്കുന്ന മൂന്നു കെട്ടിടങ്ങളുടെയും പണി കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രിപറഞ്ഞു. 

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. റാന്നി മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ വികസന മുന്നേറ്റങ്ങളാണു നടപ്പാക്കിവരുന്നതെന്ന് എംഎല്‍എ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് നോളജ് വില്ലേജ് എന്ന സംരംഭത്തിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ വെച്ചൂച്ചിറ ഗവ.പോളിടെക്നിക് കോളേജിലേക്കുള്ള പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യാതിഥിയായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പി.ബീന, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സതീഷ് കെ.പണിക്കര്‍, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.രമാദേവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ആര്‍ പ്രസാദ്, ആലിച്ചന്‍ ആറൊന്നില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, സാംകുട്ടി പാലയ്ക്കാമണ്ണില്‍, വെച്ചൂച്ചിറ എക്സ് സര്‍വീസ് മെന്‍സ് കോളനി സെക്രട്ടറി രമേശ് ബാബു, വെച്ചൂച്ചിറ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ.ലളിതമ്മ, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുള്‍ കുഷൈര്‍, പൊതുമരാമത്ത് ബില്‍ഡിംഗ്സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.ജി ലൈജു, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് റീനു ബി. ജോസ്,  ശ്രുതി പി.നായര്‍, ആര്‍.വരദരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.