ക്രിസ്തുമസ്-പുതുവത്സരാഘോഷം; എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കി എക്‌സൈസ്

post

സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിവില്‍പ്പന തടയാന്‍ പരിശോധന കര്‍നശമാക്കണം
കണ്ണൂര്‍:  സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന്  വ്യാജമദ്യ ഉല്‍പാദനം, വിതരണം, അനധികൃത മദ്യക്കടത്ത് തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി നിര്‍ദേശിച്ചു. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരായ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായി. കൂടുതല്‍ വനിതാ പൊലീസ് ഓഫീസര്‍മാരെ പരിശോധനാ ടീമുകളില്‍ ഉള്‍പ്പെടുത്തണമെന്ന യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങളുടെയും സ്‌കൂളുകള്‍ തുറന്നതിന്റെയും പശ്ചാത്തലത്തില്‍ എക്‌സൈസും പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തിയതായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജില്ലയില്‍ കര്‍ശന പരിശോധനകള്‍ നടത്തി വരികയാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജി അറിയിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി. താലൂക്ക് തല സ്ട്രൈക്കിങ്ങ് ഫോഴ്സ് യൂണിറ്റുകള്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും കോളനികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. എല്ലാ റെയിഞ്ച് ഓഫീസുകളില്‍ നിന്നും ചുരുങ്ങിയത് രണ്ടു പേരെ ഉള്‍പ്പെടുത്തി ഇന്റലിജന്‍സ് ടീമും രംഗത്തുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത കടത്ത് തടയുന്നതിനായി ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ യോഗത്തെ അറിയിച്ചു.
ഈ വര്‍ഷം ആഗസ്ത് 19 മുതല്‍ ഡിസംബര്‍ 15 വരെ 3262 റെയിഡുകളാണ് എക്‌സൈസ് വകുപ്പ് നടത്തിയത്. 507 അബ്കാരി കേസുകളും 137 എന്‍ ഡി പി എസ് കേസുകളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 2511 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 148.5 ലിറ്റര്‍ ചാരായം, 10097 ലിറ്റര്‍ വാഷ്, 1464.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 494.77 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 35.5 ലിറ്റര്‍ അനധികൃത മദ്യം, 44.9 ലിറ്റര്‍ ബിയര്‍, 408.42 കി.ഗ്രാം കഞ്ചാവ്, 45.23 ഗ്രാം എം ഡി എം എ, അഞ്ച് കഞ്ചാവ് ചെടി, 339 ഗ്രാം ഹാഷിഷ്, 21.71 ഗ്രാം ആംഫിറ്റമിന്‍, 0.15 ഗ്രാം എല്‍ എസ് ഡി, 3049.66 കി. ഗ്രാം പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. അബ്കാരി, എന്‍ ഡി പി എസ് കേസുകളില്‍ 519 പേരെയാണ് അറസ്റ്റു ചെയ്തത്. ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നത് അവര്‍ വീണ്ടും ഈ മേഖലയില്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ജനകീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 30 വരെ 421 ബോധവല്‍ക്കരണ പരിപാടികളാണ് ഓണ്‍ലൈനായും നേരിട്ടും വിമുക്തിയുമായി ബന്ധപ്പെട്ട് നടത്തിയത്. ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറികളിലും 39 കോളേജുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ 1529 വാര്‍ഡുകളില്‍ വാര്‍ഡുതല വിമുക്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.  
ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് മദ്യം, ലഹരി സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനാല്‍ ടര്‍ഫുകളുടെ സമയ ക്രമീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. കുട്ടികളിലെ സ്വഭാവ രൂപീകരണത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ ലഹരി ഉപയോഗം കണ്ടെത്താന്‍ സാധിക്കുമെന്നും അധ്യാപകര്‍ക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അഭിപ്രായമുയര്‍ന്നു.  
നഗരസഭാ അധ്യക്ഷരായ ബി മുര്‍ഷിദ (തളിപ്പറമ്പ്), ഡോ. കെ വി ഫിലോമിന (ശ്രീകണ്ഠാപുരം), മദ്യ നിരോധന സമിതി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.