സ്പീക്കര്‍ക്കു മുന്നില്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് കുട്ടികള്‍

post

പത്തനംതിട്ട :  പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങി പോകുന്നതും നിയമസഭാ സ്തംഭനങ്ങളും നിയമ നിര്‍മാണത്തെ ബാധിക്കാറില്ലേയെന്ന് നിയമസഭാ സ്പീക്കര്‍ക്കു മുന്നില്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് കുട്ടികള്‍. ഏറെ ശ്രദ്ധേയമായ ഈ ചോദ്യത്തിന്, പ്രതിഷേധം ഉണ്ടാകാറുണ്ടെങ്കിലും കേരള നിയമസഭ ഇതുവരെ നിര്‍ത്തി വയ്ക്കുകയോ സ്തംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. റാന്നിയിലെ നോളജ് വില്ലേജിന്റെ ഭാഗമായ നോളജ് അസംബ്ലിയില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ നാടിന് നിരവധി പ്രഗത്ഭരെ ലഭ്യമായിട്ടുണ്ടെന്നും മികവിന് തടസം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

കഴിവ് തെളിയിക്കേണ്ടവര്‍ ഏത് രംഗത്തായാലും അവ തെളിയിക്കും.

 കേരള നിയമസഭയില്‍ പ്രമോദ് നാരായണ്‍ ഉള്‍പ്പെടെ 54 പേര്‍ പുതുമുഖ എംഎല്‍എമാരാണ്. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിയമസഭയാണ് സംസ്ഥാനത്തിനുള്ളത്. ഏറ്റവും നല്ല സംവാദം നടക്കുന്നത് നമ്മുടെ നിയമസഭയിലാണ്. എംഎല്‍എമാര്‍ക്കിടയില്‍ മത്സരബുദ്ധിയുള്ളതിനാല്‍ ശരിയായ രീതിയില്‍ ബില്ലുകള്‍ പഠിക്കുന്ന ശീലമുണ്ട്. അത്തരത്തിലുള്ള ഒരാളാണ് റാന്നി മണ്ഡലത്തിന്റെ എംഎല്‍എ.

ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവ് കുട്ടികള്‍ക്ക് നന്നായുണ്ട്. കുട്ടികളുടെ ആവശ്യപ്രകാരം സംസ്ഥാന തലത്തില്‍ മോഡല്‍ പാര്‍ലമെന്റ് പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൗമാരക്കാരില്‍ കണ്ടുവരുന്ന ലഹരി ഉപയോഗം തടയാന്‍ സമൂഹം കൂടി ഇടപെടണമെന്ന് സ്പീക്കര്‍ പറഞ്ഞു. കൗമാരക്കാരക്കാരുടെ മാനസിക- ശാരീരിക ആരോഗ്യം ഉറപ്പുവരുത്തണം. ഏതെങ്കിലും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ അവ പരിഹരിക്കും. ഇതിനായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.