65 ഇനം നാടൻ ചീരകളുടെ പ്രദർശനത്തോട്ടവുമായി കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂൾ

post

എറണാകുളം: കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ്റെ സഹകരണത്തോടെ കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ 65 ഇനം ചീരകളുടെ പ്രദർശനത്തോട്ടം ഒരുങ്ങുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി വിത്തു വിതയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും കൃഷി വൈവിദ്ധ്യങ്ങളുടെ കേന്ദ്രമാക്കുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിൻ്റെ കീഴിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി നാഷണൽ ബ്യൂറോ ഓഫ് പ്ലാൻ്റ് ജനറ്റിക്ക് റിസോഴ്സസ് (എൻ.ബി.പി.ജി.ആർ) എന്ന സ്ഥാപനം തൃശ്ശൂർ മണ്ണുത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. കർഷകരുടെ കൈകളിലുള്ള അപൂർവ്വയിനം വിത്തുകൾ ശേഖരിച്ച് ഇവിടെ സൂക്ഷിക്കുകയും ആവശ്യം വരുമ്പോൾ കർഷകർക്ക് കൈമാറുകയും ചെയ്യും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇവർ ശേഖരിച്ച 65 ഇനം തനതു ചീരവിത്തുകൾ കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവന് കൈമാറി. ഈ വിത്തുകൾ ഉപയോഗിച്ചാണ് പ്രദർശനത്തോട്ടം ഒരുങ്ങുന്നത്.