അതി ദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയാക്കി പെരുവയല്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍

post

കാസര്‍ഗോഡ്: അതി ദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയുടെ ഭാഗമായി എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി ജില്ലയിലെ  പെരുവയല്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍.  ജില്ലയില്‍ ആകെയുള്ള 1566 വാര്‍ഡുകളില്‍ 525 വാര്‍ഡുകളിലും പ്രീ എന്യൂമറേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ഇതുവരെ 1582 പേരെ അതിദരിദ്ര നിര്‍ണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

സന്നദ്ധ സംഘടന വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് എന്യുമെറേഷന്‍ നടത്തുന്നത്. ഓരോ വാര്‍ഡുകളില്‍ നിന്നും നിര്‍ബന്ധമായും ഒരു വനിതാ പ്രതിനിധി ഉണ്ടായിരിക്കും. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിദരിദ്രരെ കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്.

ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍ വിട്ടു പോയതുമായ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദാരിദ്ര്യാവസ്ഥയില്‍ നിന്നും മോചനം നല്‍കാനുള്ള സഹായങ്ങളും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുക എന്നതാണ്  ലക്ഷ്യം. ഡിസംബര്‍ 31നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കും.