ഗ്രാമീണ ജനതയെ ബാങ്കിംഗ് രീതികള്‍ പഠിപ്പിച്ചത് സഹകരണ മേഖല: മുഖ്യമന്ത്രി

post

കാസര്‍ഗോഡ് : ആഗോളീകരണത്തെ ചെറുക്കുന്ന ബദല്‍ മാര്‍ഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ  കൊടക്കാട് ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ബാങ്കിങ് സംവിധാനം പരിചയപ്പെടുത്തിയത് സഹകരണ മേഖലയാണ്. ദേശസാത്കൃത ബാങ്കുകള്‍ എത്താത്ത എല്ലാ ഗ്രാമകളിലും സഹകരണ ബാങ്കുകള്‍ ജനങ്ങള്‍ക്ക് സഹായകരമാണ്. കേവലം പലിശ പിടുങ്ങാനല്ല, നാട്ടുകാരെ സഹായിക്കാനാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.  സഹകരണ മേഖലയില്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ക്രെഡിറ്റ് മേഖല കേരളത്തിന്റെതാണ്. നമ്മുടെ ഈ നേട്ടത്തില്‍ ചിലര്‍ക്കെങ്കിലും അസൂയ ഉണ്ടാകുന്നു. അസൂയ മനുഷ്യരില്‍ മാത്രമല്ല ചില സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അനുഭവം. സഹകരണ മേഖലയ്ക്ക് നേരത്തേ വലിയ പിന്തുണയാണ് രാജ്യം നല്‍കിയിരുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്റു വലിയ പിന്തുണ നല്‍കി. പൊതുമേഖല സ്ഥാപനങ്ങള്‍ക്കും വലിയ പിന്തുണ ലഭിച്ചു. രാജ്യം ആഗോളീകരണനയം അംഗീകരിച്ചപ്പോള്‍ വലിയ മാറ്റങ്ങള്‍ വന്ന് തുടങ്ങി. ആഗോളീകരണത്തി മുന്‍പും പിന്‍പും സഹകരണ മേഖല രണ്ടു വിധത്തിലായി.  ആഗോളീകരണത്തിനു ശേഷം സഹകരണ മേഖലയ്ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനം  കേരളത്തിലെ സഹകരണ മേഖല ഒന്നായി എതിര്‍ത്തു. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുള്ളവരും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. നമ്മുടെ ക്രഡിറ്റ് മേഖല ശക്തമാണ്. കേരളത്തിലെ  സഹകരണ മേഖല സംസ്ഥാനസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന വിഷയമാണ്. കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചു. സഹകരണ മേഖലയില്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം. രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ മിനിഹാള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സോളാര്‍ പവര്‍സിസ്റ്റം ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ഉപഹാര സമര്‍പ്പണം എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പി പി പ്രസന്നകുമാരി, അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം കേരള ബാങ്ക് ഡയറക്ടര്‍ സാബു എബ്രഹാം എന്നിവര്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.വി. നാരായണന്‍ സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ ഇ കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു. വിവിധ സഹകരണ ബാങ്ക് പ്രതിനിധികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഡിറ്റോറിയം മനോഹരമായി പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.