മാറുന്ന ലോകത്തിനൊപ്പം മുന്നേറാന്‍ സ്‌കൂള്‍തലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന വിജ്ഞാന വിസ്‌ഫോടനം തൊഴിലിനേയും ഉപജീവനത്തേയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായും ഇതിനൊപ്പം മുന്നേറാന്‍ കേരളത്തിനു കഴിയണമെങ്കില്‍ പുതിയ വൈജ്ഞാനിക സമൂഹമെന്ന നിലയിലേക്കുള്ള സത്വര മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 89-ാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ വിജ്ഞാന സമൂഹമെന്ന നിലയിലേക്കുള്ള മാറ്റം സാധ്യമാകാന്‍ സ്‌കൂള്‍ തലം മുതല്‍ ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമടക്കമുള്ള തലങ്ങളില്‍വരെ കാലഘട്ടത്തിനുസരിച്ചുള്ള പുനഃസംഘാടനം വേണ്ടിവരുമെന്നാണു സര്‍ക്കാര്‍ കാണുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര നവീകരണം ആരംഭിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തി നാടിനെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനാണു ശ്രമം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള ജൈവബന്ധം സൃഷ്ടിക്കണം. ആശയങ്ങളും അറിവും ഗവേഷണവും നാടിനു ഗുണകരമായ രീതിയില്‍ പ്രയോഗിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം.

നാട്ടില്‍ വ്യവസായം വരികയും വളരുകയും ചെയ്യണമെങ്കില്‍ പശ്ചാത്തല സൗകര്യം വികസിക്കണം. ഇടതടവില്ലാത്ത വൈദ്യുതി ലഭ്യത, ആധുനിക ഗതാഗത സൗകര്യം, മെച്ചപ്പെട്ട ഇന്റര്‍നെറ്റ് തുടങ്ങിയവയെല്ലാം വ്യവസായ വളര്‍ച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. ഇവ ഒരുക്കുന്നതിനുള്ള ഇടപെടല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്. അര നൂറ്റാണ്ടു കാത്തിരുന്നാല്‍ സാധ്യമാകാത്ത പശ്ചാത്തല സൗകര്യ വികസനമാണു കിഫ്ബിയിലൂടെ സാധ്യമാക്കിയത്. അഞ്ചു വര്‍ഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികളാണു കിഫ്ബി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ 62,500 കോടിയുടെ പദ്ധതികള്‍ക്കു തുടക്കംകുറിക്കാന്‍ കഴിഞ്ഞു. ഇതു കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തി.

വ്യവസായത്തിനൊപ്പം ടൂറിസം മേഖലയേയും ഉയര്‍ത്തിക്കൊണ്ടുവരണം. കംപ്യൂട്ടര്‍, വൈദ്യുതി വാഹനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കും കാര്‍ഷികോത്പന്ന മൂല്യവര്‍ധിത വ്യവസായങ്ങള്‍ക്കും സംസ്ഥാനത്തു വലിയ സാധ്യതയാണുള്ളത്. ഇത്തരം സാധ്യതകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ നവകേരളമെന്ന ലക്ഷ്യപ്രാപ്തി സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.