പൊതുവിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതുവര്‍ഷത്തില്‍ 10 കിലോ അരി

post

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ള റേഷന്‍ കാര്‍ഡ് ഉള്‍പ്പെടുന്ന പൊതുവിഭാഗത്തില്‍ ഈ മാസം 10 കിലോ അരി ലഭ്യമാക്കുമെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍. ഈ മാസം മുതല്‍ പച്ചരിയും പുഴുക്കലരിയും 50ഃ50 അനുപാതത്തില്‍ എല്ലാ സ്റ്റോക്കിലും ലഭ്യമാക്കാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൊതു വിഭാഗത്തിന് ഈ മാസം നല്‍കുന്ന 10 കിലോ അരിയില്‍ ഏഴു കിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും നല്‍കുക. നീല കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം മൂന്നു കിലോ അരി 15 രൂപ നിരക്കില്‍ അധികമായി നല്‍കും. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് അഞ്ചു കിലോ അരിയും ലഭ്യമാക്കും. ഇതില്‍ രണ്ടു കിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും നല്‍കുക. പൊതു വിപണിയില്‍ 30 രൂപയ്ക്കു മുകളില്‍ വിലയുള്ള അരിയാണ് ഈ രീതിയില്‍ വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

പച്ചരിയും പുഴുക്കലരിയും 50ഃ50 അനുപാതത്തില്‍ ലഭ്യമാക്കുന്നതോടെ പൊതു കമ്പോളത്തിലെ അരിയുടെ വില നിയന്ത്രിക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നു മന്ത്രി പറഞ്ഞു. പ്രഭാത ഭക്ഷണത്തിന് കേരളത്തിലെ ഭൂരിപക്ഷം പേരും പച്ചരി ഉപയോഗിച്ചുള്ള വിഭവങ്ങളെയാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ തീരുമാനം കുടുംബങ്ങള്‍ക്കും വലിയ ആശ്വാസം നല്‍കും.

നിലവില്‍ എഫ്.സി.ഐയില്‍നിന്നു പൊതുവിതരണത്തിനു ലഭ്യമാക്കുന്ന സോണാ മസൂരി അരി ഇനത്തിനു പകരം സംസ്ഥാനത്തു കൂടുതലായി ഉപയോഗിക്കുന്ന ആന്ധ്ര ജയ, സുരേഖ, ബോണ്ടാലു തുടങ്ങിയ ഇനങ്ങളിലെ അരിയുടെ സ്റ്റോക്ക് എല്ലാ വിഭാഗത്തിനും ലഭ്യമാക്കാന്‍ എഫ്.സി.ഐയുമായി ധാരണയായിട്ടുണ്ട്. എഫ്.സി.ഐയില്‍നിന്നു വിഹിതം വിട്ടെടുക്കുന്നതിനു മുന്‍പു കൂടുതല്‍ പരിശോധനയും കൃത്യതയും ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.