കുട്ടികള്‍ക്കുള്ള വാക്‌സിനേഷനായി ജില്ല സജ്ജം; വാക്‌സിനേഷന്‍ ഇന്ന് മുതല്‍

post

വയനാട്: ജില്ലയില്‍ 15 മുതല്‍ 18 വയസു വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള  തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.  കെ.സക്കീന  അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും  കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക സംവിധാനങ്ങളൊരുക്കയിട്ടുണ്ട്. കുട്ടികള്‍ക്ക് ആദ്യമായി കോവിഡ് വാക്‌സിന്‍  നല്കുന്നതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും  സ്വീകരിച്ചായിരിക്കും  വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷനു മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികള്‍ക്ക് കോവാക്‌സിനായിരിക്കും  നല്‍കുക. ജില്ലയില്‍ ഈ വിഭാഗത്തില്‍  43692 കുട്ടികളാണുള്ളത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ എല്ലാവരും തങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍  ലഭിച്ചിട്ടുണ്ടെന്ന്  ഉറപ്പ് വരുത്തേണ്ടതുണ്ട്.

15 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്കാണ് (2007ലോ അതിനു മുമ്പോ ജനിച്ചവര്‍)  വാക്‌സിന്‍ നല്‍കുന്നത്. കോവിഡ് വാക്‌സിന്‍ ലഭിക്കാനായി ജനുവരി 1 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  തുടങ്ങിയിട്ടുണ്ട്. ഇന്ന് (തിങ്കള്‍) മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും.

കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി www.cowin.gov .in എന്ന സൈറ്റ് സന്ദര്‍ശിച്ച് വ്യക്തിഗത വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യാം.

Add more എന്ന ഓപ്ഷന്‍ നല്‍കി ഒരു മൊബൈല്‍ നമ്പറില്‍ നിന്നും 6 പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. 

വാക്‌സിനേഷനായി നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്തു വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപെടുക.  

ജില്ലയില്‍ 100 ശതമാനം പേര്‍  ആദ്യ ഡോസ് വാക്‌സിനേഷനും 87 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചാലും ആദ്യ ഡോസ് വാക്‌സിനെടുക്കാന് ബാക്കിയുള്ളവര്‍ക്കും രണ്ടാം ഡോസ് എടുക്കാന് സമയപരിധി കഴിഞ്ഞവര്‍ക്കും വാക്‌സിന്‍  എടുക്കാന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ജനുവരി 3 മുതല്‍ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നല്‍കുക.