സ്ഥലപരിമിതി ഇനി പ്രശ്‌നമല്ല; നഗരവാസികൾക്ക് അർക്ക വെർട്ടിക്കൽ ഗാർഡനിംഗുമായി കൃഷി വകുപ്പ്

post

വിഷരഹിത പച്ചക്കറി ഉത്പ്പാദിപ്പിയ്ക്കുക, പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിയ്ക്കുക എന്നീ ഉദ്ദേശങ്ങളോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികൾച്ചർ റിസർച്ച് രൂപപ്പെടുത്തിയ വെർട്ടിക്കൽ ഗാർഡനിംഗ് രീതി കേരളത്തിലെ നഗരങ്ങളിൽ വ്യാപിപ്പിക്കുന്നു . വരും തലമുറയ്ക്ക് വിനോദവും മാനസികോല്ലാസവും പ്രധാനം ചെയ്യുന്നതോടൊപ്പം വീട്ടിൽ നിന്ന് തന്നെ വിഷരഹിതമായ പച്ചക്കറികൾ ഉത്പ്പാദിപ്പിയ്ക്കുന്ന ഒരു സംസ്ക്കാരം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ളതാണ് ഈ പദ്ധതി. ഒരു സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഇരുമ്പ് സ്ട്രക്ചറിൽ 16 ചെടിച്ചട്ടികൾ സ്ഥാപിച്ച് അതിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ വിളയിച്ചെടുക്കാൻ സാധിക്കുന്ന അർക്ക വെർട്ടിക്കൽ ഗാർഡനിംഗിനാണ് നഗരങ്ങളിൽ നടപ്പിലാക്കി വരുന്നത്. 

സംസ്ഥാനത്തെ നഗരങ്ങളിലും നഗരപ്രാന്ത പ്രദേശങ്ങളിലും മുൻതൂക്കം നൽകിക്കൊണ്ട് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപരിധിയിലുളള പ്രദേശങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  പദ്ധതി നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നു.

75 ശതമാനം സർക്കാർ സബ്സിഡിയോടെയാണ് വെർട്ടിക്കൽ ഗാർഡൻ യൂണിറ്റ് നഗരവാസികൾക്ക് നൽകുന്നത്. ഈ സ്ട്രക്ചറുകൾ ഒരു സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം. ഈ സ്ട്രക്ചറിൽ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി വയ്ക്കാനാവും. ഇതിൽ 16 ചെടിചട്ടികൾ, 80 കിലോ ഭാരമുള്ള പരിപോഷിപ്പിച്ച നടീൽ വസ്തു (സമ്പുഷ്ടീകരിച്ച ചകിരിച്ചോർ), 25 ലിറ്റർ സംഭരണ ശേഷിയുളള തുള്ളിനന സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു യൂണിറ്റിന്റെ കാലാവധി 15 വർഷം വരെയാണ്. ഒരു യൂണിറ്റിന് 24,000 രൂപയാണ് ചെലവ്. ഇതിന്റെ 25 ശതമാനം 6,000 രൂപമാത്രം ഗുണഭോക്തൃ വിഹിതമായി നൽകണം. ICAR ഇന്ത്യൻ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് രൂപപ്പെടുത്തിയ അർക്ക പോഷക രസ് ലായനി പദ്ധതിയുടെ സവിശേഷതയാണ്. മുളക് കത്തിരിക്ക തക്കാളി, ബീൻസ്, ഫ്രഞ്ച് ബീൻസ്, ചീര, പാലക്, മല്ലി, റാഡിഷ് എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു യൂണിറ്റിന്റെ കാലാവധി 15 വർഷം വരെ കണക്കാക്കുന്നു.

അടുക്കളയ്ക്കായി അടുക്ക് കൃഷി എന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ്, നിയമസഭ അടക്കമുള്ള 10 സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ചുകഴിഞ്ഞു. ഈ സാമ്പത്തിക വർഷം സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 340 അർക്ക വെർട്ടിക്കൽ ഗാർഡൻ യൂണിറ്റുകൾ കേരളത്തിൽ സ്ഥാപിക്കും. ഇവയിൽ 10 യൂണിറ്റുകൾ പൊതുമേഖലാ,​ സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യമായും, 330 യൂണിറ്റുകൾ സ്വകാര്യ വ്യക്തികൾക്ക് സബ്സിഡി നിരക്കിലും നൽകും.