കനിവ് 108 ആംബുലന്‍സ് സര്‍വ്വീസ് ഇനി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും

post

മലപ്പുറം : അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന്റെ ഭാഗമായുള്ള കനിവ് 108 ആംബുലന്‍സ് സര്‍വീസ് തിരൂരങ്ങാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചും തുടങ്ങി.  റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യമണിക്കൂറുകളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായാണ് കനിവ് ആംബുലന്‍സുകള്‍ സജ്ജമാക്കിയിരിക്കുന്നത്.അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയതാണ് ആംബുലന്‍സ്. 24 മണിക്കൂറും ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ക്രമീകരണം. സൗജന്യ ആംബുലന്‍സ് ശൃംഖലയ്‌ക്കൊപ്പം അടിയന്തര ചികില്‍സ ഫലവത്തായി നല്‍കാന്‍ കഴിയുംവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണം എന്നിവയും സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായി  നടപ്പാക്കും.

അടിയന്തര സാഹചര്യമുണ്ടായാല്‍ തരണം ചെയ്യുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി അപകടത്തില്‍പ്പെട്ട വ്യക്തിക്കോ സേവന ദാതാവിനോ നല്‍കാനാവുന്ന കോള്‍ കോണ്‍ഫറന്‍സിങ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോള്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 108 എന്ന ടോള്‍ഫ്രീ നമ്പറിനു പുറമെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. അപകടം സംബന്ധിച്ച് കോള്‍സെന്ററില്‍ ലഭ്യമാകുന്ന വിവരം പ്രത്യേകം തയ്യാറാക്കിയ സോഫ്‌റ്റ്വെയറില്‍ രേഖപ്പെടുത്തും.

കേന്ദ്രീകൃത കോള്‍സെന്ററില്‍ അപകടം സംബന്ധിച്ച വിവരമെത്തിയാല്‍ സംഭവസ്ഥലത്തിന് ഏറ്റവും അടുത്തുള്ള ആംബുലന്‍സിനെ നിയോഗിക്കാന്‍ കോള്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ക്കാകും. ഇതിനു പുറമെ തെറ്റായ ഫോണ്‍വിളികള്‍ നിയന്ത്രിക്കാനും ഒരേ സ്ഥലത്ത് നിന്ന് ആവര്‍ത്തിച്ചുണ്ടാകുന്ന ഫോണ്‍വിളി വിലയിരുത്തി ക്രമപ്പെടുത്തുന്നതിനും പ്രത്യേകം സംവിധാനമുണ്ട്.