കായിക-ആരോഗ്യ മേഖലകൾക്ക് ഉണർവ്വാകും; 10 കളിക്കളങ്ങൾക്ക് ഇനി പുതിയ മുഖം

post

കണ്ണൂർ: കായിക വിനോദത്തിലൂടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിലെ 10 കളിക്കളങ്ങൾ നവീകരിക്കുന്നു. കായിക വകുപ്പിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ആദ്യഘട്ടമായാണ് 10 നിയമസഭാ മണ്ഡലങ്ങളിൽ കളിക്കളങ്ങൾ സജ്ജമാക്കുന്നത്. ഗ്രാമതല സ്പോർട്സ്, ഫിറ്റ്നസ് പ്രവർത്തനങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.

തളിപ്പറമ്പ് മണ്ഡലത്തിൽ പരിയാരം ഗ്രാമപഞ്ചായത്തിലെ നെല്ലിപ്പറമ്പ് മൈതാനം, കല്ല്യാശ്ശേരിയിലെ കുഞ്ഞിമംഗലം പഞ്ചായത്ത് മൈതാനം, പേരാവൂരിൽ ചാവശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ മൈതാനം, മട്ടന്നൂരിൽ പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് മൈതാനം, തലശ്ശേരി എരഞ്ഞോളിയിലെ ഇഎംഎസ് മിനി സ്റ്റേഡിയം, ഇരിക്കൂറിലെ പെരുമ്പള്ളി ഗവ. എൽ പി സ്‌കൂൾ മൈതാനം, അഴീക്കോട് വൻകുളത്ത് വയലിലെ പഞ്ചായത്ത് സ്റ്റേഡിയം, പയ്യന്നൂർ പെരിങ്ങോം-വയക്കര പഞ്ചായത്തിലെ തവിടിശ്ശേരി ഹൈസ്‌കൂൾ മൈതാനം, കണ്ണൂർ മണ്ഡലത്തിലെ മാളികപ്പറമ്പ് മൈതാനം, ധർമ്മടത്തെ പിണറായി മിനി സ്റ്റേഡിയം എന്നിവയാണ് നവീകരിക്കുക.

ഓപ്പൺ ജിംനേഷ്യം, നടപ്പാത, ശുചിമുറികൾ, വസ്ത്രം മാറാനുള്ള മുറികൾ, കോഫി ഷോപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ഓരോ മൈതാനത്തിനും ഒരു കോടി രൂപ വീതമാണ് ചെലവ്. സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ വീതം അനുവദിക്കും. ബാക്കി തുക എം എൽ എമാരുടെ ആസ്തി വികസന ഫണ്ട്, സി എസ് ആർ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ വഴി കണ്ടെത്തണം.

ജനപ്രതിനിധികളുടെ മേൽനോട്ടത്തിലാണ് നവീകരിക്കേണ്ട കളിസ്ഥലങ്ങൾ തെരഞ്ഞെടുത്തത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതി നിർവ്വഹണ ഏജൻസി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എഞ്ചിനീയർമാർ മൈതാനങ്ങൾ സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. അവർ തയ്യാറാക്കിയ റിപ്പോർട്ട് കായിക യുവജന കാര്യ ഡയറക്ടർ അധ്യക്ഷനായ സ്‌ക്രൂട്ടനി കമ്മിറ്റിയുടെ പരിശോധനക്ക് ശേഷം സർക്കാർ അംഗീകരിച്ചു. ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവുന്ന സ്ഥലങ്ങളാണ് പരിഗണിച്ചത്.

നെൽവയലുകൾ, വെള്ളക്കെട്ട്, നിർമ്മാണത്തിന് നിയന്ത്രണമുള്ള സ്ഥലങ്ങൾ എന്നിവ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. പ്രദേശികമായ ആവശ്യം പരിഗണിച്ച് ഓരോ മൈതാനത്തും ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, ബാഡ്മിന്റൺ എന്നിവയിൽ എതെങ്കിലുമൊരു കോർട്ട് ഒരുക്കും. പ്രവൃത്തി ആറ് മാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യം. കേരളത്തിൽ 104 മൈതാനങ്ങളാണ് ആദ്യഘട്ടത്തിൽ നവീകരിക്കാൻ പരിഗണനയിലുള്ളതെന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ ബി ടി വി കൃഷ്ണൻ അറിയിച്ചു.