വയോജന സൗഹൃദമായി കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്

post

കാസര്‍കോട് :വയോജനങ്ങള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കി വയോജന സൗഹൃദമാവുകയാണ് കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവര്‍ക്കായുള്ള ആരോഗ്യസാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ്  ചുരുങ്ങിയ കാലം കൊണ്ട് പഞ്ചായത്തില്‍ നടന്നത്. വയോജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ വയോമിത്രം പദ്ധതിയും സാമൂഹ്യമാറ്റത്തിനായുള്ള വയോജന ഗ്രാമസഭയും പകല്‍ വീടുമെല്ലാം  വയോജനക്ഷമ പ്രവര്‍ത്തനങ്ങളില്‍ മറ്റ് പഞ്ചായത്തുകളില്‍ നിന്ന് കയ്യൂര്‍ ചീമേനിയെ വ്യത്യസ്തമാക്കുന്നു. 

ചികിത്സയും മരുന്നും 'വയോമിത്രം' വഴി

ചീമേനി ആയുര്‍വ്വേദ ആശുപത്രിയുമായി ചേര്‍ന്ന് പഞ്ചായത്ത് ആരംഭിച്ച തനത് പദ്ധതിയാണ് വയോമിത്രം. ഒരു വാര്‍ഡിലെ പത്ത് രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ ചികിത്സ മരുന്നുള്‍പ്പെടെ  ഈ പദ്ധതിയിലൂടെ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 160 പേര്‍ക്കാണ് വയോമിത്രത്തിലൂടെ ചികിത്സ ഉറപ്പാക്കുന്നത്. ഇവര്‍ക്കായി ചീമേനി ആയുര്‍വ്വേദ ആശുപത്രിയില്‍ എല്ലാ ബുധനാഴ്ചകളിലും പരിശോധനയും മരുന്ന് വിതരണവും നടത്തുന്നുണ്ട്. 60 വയസിനു മുകളിലൂള്ളവര്‍ക്ക് വാര്‍ഡ് സമിതികള്‍ വഴി പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. കിടപ്പു രോഗികള്‍, ജീവിത ശൈലി രോഗികള്‍, മറ്റു രോഗികള്‍ തൂടങ്ങി എല്ലാ വയോജനങ്ങളെയും  പദ്ധതിയിലേക്ക് പരിഗണിക്കും. ചികിത്സ ഏറ്റവും ആവശ്യമുള്ള ആളുകള്‍ക്ക് മുന്‍ഗണന നല്‍കുക. ഇതിനായി പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ഓരോ വര്‍ഷവും വകയിരുത്തുന്നതെന്നും 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പരീക്ഷണാര്‍ത്ഥം ആരംഭിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തള പറഞ്ഞു.

പദ്ധതികള്‍ തയ്യാറാക്കാന്‍ വയോജന ഗ്രാമസഭ

വയോജന ക്ഷേമത്തിനും അവരുടെ പരിപാലനത്തിനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി പഞ്ചായത്തില്‍ വാര്‍ഡുതല വയോജന ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നുണ്ട്. വയോജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ക്ക് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വയോജന ഗ്രാമസഭ ആരംഭിച്ചത്. വയോജനങ്ങള്‍ക്ക് തമ്മില്‍ കാണാനും ഒത്തുകൂടാനും ഒരു വേദി കൂടിയാണ് വയോജന ഗ്രാമസഭ. സാധാരണ ഗ്രാമസഭകള്‍ക്ക് പുറമെയാണ് ഇവ നടത്തി വരുന്നത്. വയോജന ഗ്രാമസഭയുടെ പ്രധാനനേട്ടങ്ങളില്‍ ഒന്നാണ് വയോമിത്രം പദ്ധതി.

ഒത്തു ചേരാന്‍ പകല്‍ വീട്

പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് പകല്‍ സമയങ്ങളില്‍  ഒത്തുകൂടാനും സമയം ചിലവഴിക്കാനുള്ള സൗകര്യമൊരുക്കുന്നതാണ് പകല്‍ വീട് പദ്ധതി. ചീമേനി ടൗണിനോട് ചേര്‍ന്നുള്ള പകല്‍ വീടിന്റെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പകല്‍ വീട് പദ്ധതി ജില്ലാ പഞ്ചായത്തിന്റെയും കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സംരംഭമായാണ് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയും പഞ്ചായത്ത് നാലര ലക്ഷം രൂപയുമാണ് പദ്ധതിക്കായി നീക്കിവെച്ചത്. പകല്‍ വീടിനാനാവശ്യമായ മറ്റു സൗകര്യങ്ങള്‍ കൂടി തയ്യാറായിക്കഴിഞ്ഞാല്‍ ഇത് വയോജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.