34-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വ്യാഴാഴ്ച തുടക്കം

post

തിരുവനന്തപുരം: വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായി ശാസ്ത്രവും സാങ്കേതികതയും നൂതനാശയങ്ങളും എന്ന പ്രമേയം ആസ്പദമാക്കി നടക്കുന്ന മുപ്പത്തിനാലാമത് കേരള ശാസ്ത്ര ഫെബ്രുവരി 10ന് തിരുവനന്തപുരത്ത്. രാവിലെ 9.30ന് പ്രധാനവേദിയായ മാർ ഇവാനിയോസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ പ്രൊഫസർ കോൺസ്റ്റാന്റിൻ സെർഗീവിച്ച് നോവോസെലോവ് പ്രത്യേക പ്രഭാഷണം നടത്തും.

മുഖ്യമന്ത്രിയുടെ യുവശാസ്ത്രജ്ഞർക്കുള്ള സ്വർണ്ണമെഡലും ശാസ്ത്രസാഹിത്യ പുരസ്‌കാരങ്ങളും നേടിയവർക്കുള്ള സമ്മാനവിതരണവും ഡോ.എസ്. വാസുദേവ് പുരസ്‌കാര പ്രഖ്യാപനവും ചടങ്ങിൽ നടക്കും.

ഫെബ്രുവരി 10 മുതൽ 12 വരെ നടക്കുന്ന കോൺഗ്രസ്സിൽ ശാസ്ത്രവിദ്യാർത്ഥികളും ഗവേഷകരും 140 പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടാതെ 162 പോസ്റ്ററുകളുടെ പ്രദർശനവുമുണ്ടാകും.

ബാലശാസ്ത്രകോൺഗ്രസ്സ് 12 ന് രാവിലെ 10 മുതൽ ഒരു മണിവരെ നടക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കേരളത്തിൽ നിന്ന് വിജയിച്ച കുട്ടികളുടെ പ്രോജക്ട് അവതരണമാണ് ഈ സമയത്ത് നടക്കുക.

ഈ വർഷത്തെ കേരള ശാസ്ത്രകോൺഗ്രസ്സിൽ പങ്കെടക്കുന്ന 614 ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കാനും വേദിയൊരുക്കിയിട്ടുണ്ട്. 12 നാണ് സംവാദം.

ഭിന്നശേഷിയുള്ള കുട്ടികൾക്കിടയിൽ ശാസ്താഭിരുചി വളർത്താനുള്ള Scientia എന്ന പദ്ധതിയുടെ കീഴിൽ പരിശീലനം നേടിയവരുടെ പോസ്റ്റർ പ്രദർശനവും ശാസ്ത്ര കോൺഗ്രസിൽ ഉണ്ടാകും. മാജിക് പ്ലാനെറ്റിലെ ഡിഫറന്റ് ആർട്‌സ് സെന്ററിൽ പരിശീലനം നേടിയ ഭിന്നശേഷിയുള്ള കുട്ടികളുടെ ശാസ്ത്ര പ്രൊജെക്ടുകളാണ് പോസ്റ്ററുകളുടെ രൂപത്തിൽ അവതരിപ്പിക്കുക.