കൊല്ലം തുറമുഖത്ത് ആറ് എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉടന്‍
കൊല്ലം: കൊല്ലം തുറമുഖത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും വ്യക്തമാക്കി. തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
തുറമുഖത്തെ ആറ് എമിഗ്രേഷന്‍ കൗണ്ടറുകളുടെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാകും. ഇതോടെ തുറമുഖത്ത് ചരക്ക് ഗതാഗതത്തോടോപ്പം, വിനോദ സഞ്ചാര സാധ്യതകളും വര്‍ധിക്കും. അന്തര്‍ദേശീയ കപ്പല്‍ ഗതാഗതത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യവികസനം മുന്നില്‍ കണ്ടാകും പ്രവര്‍ത്തനങ്ങള്‍.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി നിഷ്‌കര്‍ച്ചിരുന്ന സംവിധാനങ്ങളുടെ പൂര്‍ത്തീകരണമാണ് അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുന്നത്. ആഭ്യന്തര യാത്രികര്‍ക്കുള്ള ഗതാഗതം സുഗമമാക്കാനും ശ്രമം നടത്തുകയാണ്. നിലവില്‍ സ്വാഭാവിക ആഴം കൂടുതലുള്ള തുറമുഖമാണിത്. ഗതാഗതം തടസ്സമില്ലാതെ തുടരാനാകുന്ന ഘട്ടത്തില്‍ ആഴം കൂട്ടല്‍ നടപടിക്കും തുടക്കമാകും. ഇതിനായി സര്‍ക്കാരിന്റ് സമ്പൂര്‍ണ പിന്തുണ ലഭ്യമാക്കും. വാര്‍ഫുകളുടെ നവീകരണവും ഉദ്ദേശിക്കുന്നു -മന്ത്രിമാര്‍ വ്യക്തമാക്കി.
എം. മുകേഷ് എം. എല്‍. എ. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബേയ്‌സില്‍ ലാല്‍ ഹ്യുബര്‍ട്ട്, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഹരി വാര്യര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.