കാര്‍ഷിക സമൃദ്ധിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ സഫലമാകുന്നു- കൃഷി മന്ത്രി

post


ചെങ്ങന്നൂർ: നാടിന്റെ കാര്‍ഷിക സമൃദ്ധിയെക്കുറിച്ച് ജനപ്രതിനിധികളും ജനങ്ങളും കണ്ടിരുന്ന സ്വപ്നങ്ങള്‍ സാക്ഷാത്കാരത്തിന്റെ വഴിയിലെത്തിയിരിക്കുകയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിലെ വിവിധ പദ്ധതികളും നെല്‍കൃഷി വിതയും ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

പതിറ്റാണ്ടുകളായി കൃഷിയില്ലാതിരുന്ന പാടത്താണ് ഇന്ന് വിത്തുവിതച്ചത്. ദീര്‍ഘമായ പ്രയത്നമാണ് ഇത് സാധ്യമാക്കിയത്. കാര്‍ഷിക സമൃദ്ധിക്കൊപ്പം ജലസമൃദ്ധിയും ഉറപ്പാക്കും വിധമാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ക്രിയാത്മകമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിവകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടാകും.

ജീവിത ശൈലീ രോഗങ്ങളില്‍നിന്ന് പൂര്‍ണമായും മുക്തരാകുന്നതിന് സുരക്ഷിതമായ ആഹാരക്രമം ശീലമാക്കേണ്ടതുണ്ട്. സുരക്ഷിത ആഹാരത്തിനായി ജൈവകൃഷിക്ക് പ്രധാന്യം നല്‍കണം- മന്ത്രി നിര്‍ദേശിച്ചു.

അനുഭവ സമ്പത്തുള്ള കര്‍ഷകരുടെ നിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്ത് നടപ്പാക്കുമ്പോഴാണ് കാര്‍ഷിക പദ്ധതികള്‍ വിജയം നേടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.  

സമ്പൂർണ നെൽകൃഷി പദ്ധതിയായ സമൃദ്ധിയിൽ ഉൾപ്പെടുത്തിയാണ് കോമൻകുളങ്ങര പാടശേഖരത്തില്‍ വിവിധ വികസന പരിപാടികള്‍ നടപ്പാക്കുന്നത്. എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ച് മൂന്നു കള്‍വര്‍ട്ടുകളുടെ നിര്‍മാണത്തിനും ഇതോടനുബന്ധിച്ച് തുടക്കം കുറിച്ചു.