ഇ-സേവന മികവിലേക്ക് കേരളം

post

65 വകുപ്പുകളുടെ 610 സേവനങ്ങൾ 

പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ സേവനങ്ങൾ ഓൺലൈനാക്കി മാറ്റുന്നിൽ പുതിയ ഒരു നാഴികകക്കല്ല് കേരളം പിന്നിട്ടിരിക്കുകയാണ്. ജനങ്ങൾക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കണമെന്നത് സംസ്ഥാനസർക്കാരിന്റെ ദൃഢനിശ്ചയമായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന് അഞ്ച് മാസത്തിനുളളിൽ ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ സർക്കാരിന് സാധിച്ചു. 2021 ഒക്ടോബർ 1ന് www.services.kerala.gov.in എന്ന ഇ സേവന പോർട്ടൽ സർക്കാർ പൊതുജനങ്ങൾക്കായി തുറന്നു നൽകുമ്പോൾ 31 വകുപ്പുകളുടെ 308 സേവനങ്ങൾ ആയിരുന്നു ഇ സേവനത്തിലേക്ക് മാറിയിരുന്നത്. ഇന്ന് 65 വകുപ്പുകളുടെ 610 സേവനങ്ങളാണ് ജനങ്ങളുടെ വിരൽത്തുമ്പിലേക്ക് എത്തുന്നത്.  

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ വീടുകളിൽ ഇരുന്നുതന്നെ സർക്കാരിന്റെ എല്ലാ സേവനങ്ങളും ഒരു പോർട്ടലിലൂടെ  ലഭ്യമാക്കുന്നു. ഓരോ വകുപ്പിന്റെയും സൈറ്റുകളിൽ കയറാതെ ഏക സൈറ്റിൽ കയറിയാൽ എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ ലഭ്യമാകുന്നു എന്നത് പൊതുജനങ്ങളിൽ വലിയ ആശ്വാസമുണ്ടാക്കുന്ന കാര്യമാണ്. 

കേരളത്തിലെ വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ പുരോഗതി വെബ്സൈറ്റിലെ ഡാഷ്ബോർഡിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്. എത്ര അപേക്ഷ ലഭിച്ചു, അപേക്ഷയുടെ പുരോഗതി, എത്രയെണ്ണത്തിൽ തീർപ്പായി, ബാക്കി എത്രയുണ്ട് തുടങ്ങി എല്ലാ വിശദാംശങ്ങളും പൊതുജനങ്ങൾക്ക് പരിശോധിക്കാം. ഇതിലൂടെ വിവിധ വകുപ്പുകളുടെ പ്രകടനമികവ് ജനങ്ങൾക്ക് മനസിലാക്കാം. വെബ്പോർട്ടൽ കൂടാതെ എം സേവനം മൊബൈൽ ആപ്പ്  ആൻഡ്രോയിഡ് , ഐ.ഒ.എസ്. പ്ലാറ്റ് ഫോമുകളിൽ ലഭ്യമാണ്.

വിവിധ വകുപ്പുകളിലായി ഇതുവരെ ലഭിച്ച അപേക്ഷകളിൽ 91 ശതമാനത്തിൽ കൂടുതലും അപേക്ഷകർക്കും അതിന്റെ ഫലം ലഭിച്ചു. സമൂഹത്തിന്റെ നാനാതുറയിലുളളവർക്ക് ഒരുപോലെ ആശ്രയിക്കാൻ പറ്റുന്ന വലിയ വിവരദായക സംവിധാനമായി കേരള സ്റ്റേറ്റ് പോർട്ടൽ മുന്നോട്ടുളള യാത്രയിലാണ്.