പ്രളയത്തിൽ തകർന്ന 26-ാം മൈൽ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു

post


കോട്ടയം: കഴിഞ്ഞ പ്രളയത്തിൽ തകർന്ന കാഞ്ഞിരപ്പള്ളി - എരുമേലി സംസ്ഥാന പാതയിലെ 26-ാം മൈൽ പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. 19.60 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.  

സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. പുതിയ പാലം നിർമിക്കുന്നതിനായി രണ്ടേമുക്കാൽ കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും ഉടൻ തന്നെ ഇതിന് ഭരണാനുമതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. യോഗത്തിൽ അദ്ധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി ഷാജൻ, പി.ആർ അനുപമ, വാർഡ് മെംബർ അഡ്വ പി.എ.ഷെമീർ, കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ പ്രളയത്തിൽ സാരമായ കോടുപാടുകൾ സംഭവിച്ചതോടെ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. ഭാരവാഹനങ്ങളും ബസ് ഗതാഗതവും പൂർണമായി നിരോധിച്ചതോടെ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരും ശബരിമല തീർത്ഥാടകർ ഉൾപ്പടെയുള്ളവരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഇതോടെയാണ് കാഞ്ഞിരപ്പള്ളി - പൂഞ്ഞാർ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് പാലം അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ സർക്കാർ നടപടിയുണ്ടായത്.