വള്ളിക്കുന്നില്‍ വിജയഗാഥ തീര്‍ത്ത് ' എന്റെ ഗ്രാമം നിര്‍മല്‍ ഗ്രാമം ' പദ്ധതി

post

മലപ്പുറം: മാലിന്യസംസ്‌കരണത്തില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ 'എന്റെ ഗ്രാമം നിര്‍മ്മല്‍ ഗ്രാമം' പദ്ധതി വിജയകരം. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ മാലിന്യസംസ്‌ക്കരണ പദ്ധതിയിലൂടെ ഇതിനോടകം യൂസര്‍ ഫീ ആയി 4,10,575 രൂപ ലഭിച്ചു. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുകയും അവ ഗ്രീന്‍ കേരള ഏജന്‍സിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. പദ്ധതി തുടങ്ങി രണ്ടു മാസം പൂര്‍ത്തിയാകുമ്പോഴേക്കും 13 ടണ്‍ അജൈവ മാലിന്യങ്ങളാണ് വീടുകളില്‍ നിന്നും ശേഖരിച്ചത്. ശേഖരിച്ച പാഴ് വസ്തുക്കളില്‍ നിന്നും തരംതിരിച്ച പ്ലാസ്റ്റിക് ബോട്ടിലുകള്‍ വിറ്റ വകയില്‍ 22,374 രൂപയും കണ്ടെത്തിയിട്ടുണ്ട്. 50 രൂപയാണ് യൂസര്‍ഫീയായി വീടുകളില്‍ നിന്നും വാങ്ങുന്നത്.

മാലിന്യസംസ്‌കരണം വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മയിലൂടെ  ഈ പ്രതിസന്ധിയെ വള്ളിക്കുന്ന് പഞ്ചായത്ത് മറികടക്കുന്നത്. പ്രാരംഭപ്രവര്‍ത്തനം എന്ന നിലയില്‍ പഞ്ചായത്ത് തലത്തിലും വാര്‍ഡു തലത്തിലും കമ്മറ്റികള്‍ രൂപീകരിച്ച് 50 വീടുകളെ ഒരു ക്ലസ്റ്റര്‍ എന്ന രീതിയിലാക്കി ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കുകയായിരുന്നു. 29 ഹരിതകര്‍മ്മസേന അംഗങ്ങളുടെ സേവനമാണ് പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നത്. കൂടാതെ വള്ളിക്കുന്ന് സി.ബി.എച്ച്.എസ് സ്‌കൂള്‍, അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ്, എസ്.പി.സി,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് അംഗങ്ങളും വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കാനും യൂസര്‍ ഫീ വാങ്ങാനും സഹകരിക്കുന്നുണ്ട്. സ്‌കൂളുകളില്‍ മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യമെത്തിക്കാന്‍ ശുചിത്വസന്ദേശ ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു. വര്‍ഷത്തില്‍ ആറ് തവണയാണ് ഹരിതകര്‍മ സേനാംഗങ്ങള്‍ വീടുകളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുക.
ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്, കുപ്പിച്ചില്ലുകള്‍, ചെരിപ്പുകള്‍ എന്നിവ ശേഖരിക്കുന്നത് കലണ്ടറില്‍ രേഖപ്പെടുത്തിയത് പ്രകാരമാണ്. പദ്ധതി വിപുലീകരണത്തിന് ഭാഗമായി നിലവിലെ എം.സി.എഫിന് ( മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി ) പുറമേ 1000 സ്‌ക്വയര്‍ഫീറ്റില്‍ ഒരു വാടകകെട്ടിടവും എം.സി.എഫിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കി വള്ളിക്കുന്നിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ പറഞ്ഞു. അതിനായുള്ള തുടര്‍പദ്ധതികള്‍ ഭരണസമിതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രധാന കവലകളില്‍ 74 ശുചിത്വ സന്ദേശ ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.നിലവില്‍ ആറ് എം.സി. എഫുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. പ്രവൃത്തി പൂര്‍ത്തീകരിച്ച് മാലിന്യസംസ്‌കരണ പദ്ധതി വിപുലപ്പെടുത്താനാണ് തീരുമാനം. അജൈവമാലിന്യ സംസ്‌കരണത്തോടൊപ്പം ജൈവമാലിന്യ സംസ്‌കരണത്തിനും പഞ്ചായത്ത് നേതൃത്വം നല്‍കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 352 കമ്പോസ്റ്റ് കുഴികള്‍ ഇതിനോടകം നിര്‍മ്മിച്ചു കഴിഞ്ഞു. 330 ബയോ ബിന്നുകള്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥാപിച്ചു.
'ശുചിത്വ തീരം സുന്ദരതീരം' എന്ന പേരില്‍ തീരദേശമേഖലയെ ശുചീകരിക്കുന്ന ജനകീയ ക്യാമ്പയിനും ശുചിത്വ സന്ദേശജാഥയും അടുത്ത ദിവസങ്ങളിലായി നടത്താനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതര്‍.