ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി/സി.എസ്.ഐ.ആര്‍ - നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

post



സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവില്‍ പഠനം പൂര്‍ത്തിയായവരുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈനവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി യു.ജി.സി/സി.എസ്.ഐ.ആര്‍-നെറ്റ് പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈനമതവിഭാഗത്തില്‍പ്പെട്ടവരും ബിരുദാനന്തര ബിരുദപരീക്ഷയില്‍ 55 ശതമാനം  മാര്‍ക്ക്  നേട്ടിയിട്ടുളള വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പരിശീലത്തിന് അര്‍ഹത.

ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത ഏഴ് സ്ഥാപനങ്ങള്‍ മുഖേനയാണ് ഓണ്‍ലൈന്‍ കോച്ചിംഗ് സംഘടിപ്പിക്കുന്നത്. ന്യൂനപക്ഷമത വിഭാഗത്തില്‍പ്പെട്ട എട്ടു ലക്ഷംരൂപ വരെ വാര്‍ഷികവരുമാനമുളള വിദ്യാര്‍ഥികളെ പരിശീലനത്തിന് പരിഗണിക്കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് മാര്‍ക്കിന്റെയും, കുടുംബവാര്‍ഷികവരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. www.minoritywelfare.kerala.gov.in എന്ന വകപ്പ് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നഅപേക്ഷ പൂരിപ്പിച്ച് അതത് ജില്ലകളിലെ പരിശീലന സ്ഥാപനങ്ങളിലേയ്ക്ക് ഇ-മെയില്‍ മുഖാന്തിരം സമര്‍പ്പിക്കണം.  പരിശീലന സ്ഥാപനത്തിന്റെ മേല്‍വിലാസം വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി  ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഏത്  ജില്ലയിലുള്ളവര്‍ക്കും തിരഞ്ഞെടുത്തിരിക്കുന്ന ഏത് പരിശീലനകേന്ദ്രത്തിലേക്കും നല്‍കിയിരിക്കുന്ന വിഷയത്തിലെ യു.ജി.സി/സി.എസ്.ഐ.ആര്‍-നെറ്റ് പരിശീലനത്തിന് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയില്‍ അവകാശപ്പെടുന്ന വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശീലന കാലയളവില്‍ പരിശീലന കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.