മാലിന്യ സംസ്കരണം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ 'ഹരിതമിത്രം മൊബൈല്‍ ആപ്പ്'

post


എറണാകുളം: ഏകീകൃത സംവിധാനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും നിരീക്ഷിക്കുവാനും മൊബൈല്‍ ആപ്പ് സംവിധാനം എറണാകുളം ജില്ലയില്‍ നിലവില്‍ വരുന്നു.  2022 ജനുവരിയില്‍ ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ഹരിതകേരളം മിഷന്‍ ശുചിത്വമാലിന്യ സംസ്കരണ ഉപദൗത്യത്തിന് കീഴില്‍ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാതില്‍ പടി അജൈവമാലിന്യ ശേഖരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.  എറണാകുളം ജില്ലയിലിലെ 82 ഗ്രാമപഞ്ചായത്തുകളില്‍  76 ഗ്രാമപഞ്ചായത്തുകളിലും  കൊച്ചി കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള 14 മുനിസിപ്പാലിറ്റികളിലും വീടുകളില്‍ നിന്നും  സ്ഥാപനങ്ങളില്‍നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിശീലനം ലഭിച്ച  ഹരിതകര്‍മ്മസേന വഴി ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

'ഹരിതമിത്രം' എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പ്രായോഗിക തലത്തിലുള്ള ന്യൂനതകള്‍, അവയുടെ പുരോഗതി എന്നിവ അറിയുവാനും പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച പരാതികള്‍ അറിയിക്കുവാനുമുള്ള  ഓപ്ഷനുകള്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ഹരിതകേരളം മിഷനും ശുചിത്വ മിഷനും  സംയുക്തമായി കെല്‍ട്രോണിന്‍റെ സഹായത്തോടെയാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. മാലിന്യം രൂപപ്പെടുന്ന വീടുകള്‍, കടകൾ, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, സര്‍ക്കര്‍ / സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ തരംതിരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ വിവരങ്ങള്‍ ഇതില്‍ ലഭ്യമാകും. ഗുണഉപഭോക്താക്കള്‍ക്ക് സേവനം ആവശ്യപെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും യുസര്‍ ഫീ അടക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ സാധ്യമാകും. ഇതിനുവേണ്ടി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേകം  ക്യൂ ആർ കോഡ് പതിക്കും.

പ്ലാസ്റ്റിക്കുകള്‍ കത്തിക്കുക, അവ അലക്ഷ്യമായി വലിച്ചെറിയപെടുന്നതുള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് മേലധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനുള്ള പ്രത്യേക സംവിധാനം ഈ ആപ്ലിക്കേഷനില്‍ ഉണ്ടാകും. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളെ നിരീക്ഷിക്കുവാനും, മാലിന്യശേഖരണം, സംസ്കരണം  സംബന്ധിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് അറിയുവാനും കഴിയും എന്നതാണ് പ്രത്യേകത.


ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയിലെ 27 ഗ്രാമപഞ്ചായത്തുകളും 9 മുനിസിപ്പാലിറ്റികളുമാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഫണ്ട് നീക്കിവച്ചിട്ടുള്ളത്. ഇതിന്‍റെ സംസ്ഥാനതല പരിശീലനവും ജില്ലാതല പരിശീലനവും  കില മുഖേന പൂര്‍ത്തിയായി. പദ്ധതി നടപ്പിലാക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുത്തു. ഹരിഹകര്‍മ്മസേന അംഗങ്ങള്‍ക്കുള്ള പരിശീലനം ഉടന്‍ നടക്കും. 2022 മാര്‍ച്ചില്‍  മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വരും.