ഡ്രാഗണ്‍ഫ്രൂട്ട് കര്‍ഷകര്‍ക്ക് ധനസഹായവുമായി കൃഷി വകുപ്പ്

കാസർഗോഡ്: ഡ്രാഗണ്‍ഫ്രൂട്ട് കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി വകുപ്പ്. ജില്ലയില്‍ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന ഹോട്ടികള്‍ച്ചര്‍ മുഖേന ധനസഹായം നല്‍കുന്നു. 12 ഹെക്ടര്‍ കൃഷിക്കായി 3,60,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഹെക്ടര്‍ ഒന്നിന് 30,000 രൂപ സഹായം നല്‍കും. ഡ്രാഗണ്‍ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കുന്നത്.
ജില്ലയില്‍ പത്തിലധികം കര്‍ഷകര്‍ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്ത് വരുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കര്‍ഷകര്‍ മുന്നോട്ട് വരുന്നുണ്ട്. സബ്‌സിഡി നിരക്കിലാണ് ഡ്രാഗണ്‍ഫ്രൂട്ട് തൈകള്‍ വിതരണം നടത്തുന്നത്. ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കണം.
കുറഞ്ഞ ചിലവ്, മികച്ച് വിളവ്
എളുപ്പം നട്ടു വളര്‍ത്താമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത. നട്ട് രണ്ടാം വര്‍ഷം മുതല്‍ ചെടി കായ്ച്ചു തുടങ്ങും. ഒരു പഴത്തിന് ശരാശരി 400 ഗ്രാം തൂക്കം വരെയുണ്ടാകും. ഒരു വര്‍ഷത്തില്‍ ആറു തവണ വരെ വിളവെടുപ്പ് സാധ്യമാകും. മൂന്നു വര്‍ഷം പ്രായമായ ചെടിയില്‍ 25ല്‍പ്പരം പഴങ്ങളുണ്ടാകും. ഓരോ വര്‍ഷം കഴിയുംതോറും കായ്ഫലം കൂടുമെന്നതാണ് മറ്റൊരു പ്രത്യേകത.കീടബാധ കുറവാണെന്നതും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നു. കള്ളിമുള്‍ വര്‍ഗത്തില്‍പ്പെട്ടതിനാല്‍ വന്യമൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ ശല്യവും ഉണ്ടാകാറില്ല. ഒരു ചെടിക്ക് 20 വര്‍ഷത്തിലേറെ ആയുസുമുണ്ട്.
നന്നായി സൂര്യപ്രകാശമേല്‍ക്കുന്നതും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലത്തായിരിക്കണം നടേണ്ടത്. വളരുന്ന വള്ളികളുടെ തുമ്പിലായാണ് പൂക്കള്‍ വിടരുക. അവ ഏകദേശം ഒരു മാസമാകുമ്പോള്‍ കായ്കളായി മാറും. ഏപ്രില്‍ മാസത്തിലെ വേനല്‍ മഴയില്‍ മൊട്ടിടുന്ന പൂക്കള്‍ ഒക്ടോബറില്‍ വിളവെടുക്കാന്‍ പാകത്തില്‍ പഴങ്ങളാകും. ഡ്രാഗണ്‍ഫ്രൂട്ട് തോട്ടത്തില്‍ ചെറുതേന്‍ പെട്ടികള്‍ സ്ഥാപിക്കുന്നവരുമുണ്ട്. ഇവ കൃഷിയില്‍ പരാഗണം വര്‍ധിപ്പിക്കും. വീടുകളുടെ മട്ടുപ്പാവില്‍പ്പോലും വിജയകരമായി ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്യാം. ജില്ലയില്‍ മഞ്ചേശ്വരം, മീഞ്ച, വെസ്റ്റ് എളേരി, പരപ്പ, മടിക്കൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ചെയ്ത് വരുന്നു. ഡ്രാഗണ്‍ഫ്രൂട്ടിനെ കൂടാതെ പപ്പായ, പൈനാപ്പിള്‍, മാങ്ങ, അവക്കാഡോ, റംബൂട്ടാന്‍ തുടങ്ങിയവയ്ക്കും സംസ്ഥാന ഹോട്ടി കള്‍ച്ചര്‍ മുഖേന സമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്.