തെരുവുനായകള്‍ക്ക് പ്രതിരോധ കുത്തിവെയ്പും മൈക്രോചിപ്പിങും പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കം

post

മലപ്പുറം:  തെരുവുനായ ആക്രമണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയില്‍ പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കമായി. പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയാണ് രാജ്യത്ത് ആദ്യമായി  പൊന്നാനി നഗരസഭയില്‍ ആരംഭിച്ചിരിക്കുന്നത്.

പൊന്നാനി നഗരസഭ പരിധിയിലെ തെരുവുനായ്ക്കളെ പിടിച്ച് കൊണ്ടുവന്ന് പ്രാഥമികാരോഗ്യ പരിശോധനയും പേവിഷബാധ പ്രതിരോധ കുത്തിവെയ്പും മറ്റും നല്‍കും. തുടര്‍ന്ന് നിരീക്ഷിച്ച ശേഷം അന്താരാഷ്ട്ര തിരിച്ചറിയല്‍ സംവിധാനമായ മൈക്രോ ചിപ്പിങ് നടത്തി തിരികെ വിടുന്നതാണ് പരിപാടി. കുത്തിവെയ്പ്പുകള്‍ക്ക് ശേഷം  പിടികൂടിയ ഇടങ്ങളില്‍ തന്നെ തെരുവുനായ്ക്കളെ തിരിച്ചു വിടുന്ന രീതിയാണ്. വിദേശരാജ്യങ്ങളില്‍ ഇത് സാധാരണമാണെങ്കിലും  ഇന്ത്യയിലാദ്യമായാണ് തെരുവുനായ്ക്കള്‍ക്ക് മൈക്രോചിപ്പ് നല്‍കുന്നത്.  


പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സ്റ്റാര്‍ട്ടപ്പ് സംരംഭവും എറണാകുളം കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ ശ്രദ്ധ മൊബൈല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ ആന്‍ഡ് വെറ്ററിനറി സര്‍വീസ് എന്ന വനിതാ സ്വയംതൊഴില്‍ സംരംഭ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈശ്വരമംഗലം  ഇറിഗേഷന്‍ ഓഫീസ് പരിസരത്താണ് യൂണിറ്റിന്റെ മൊബൈല്‍ മള്‍ട്ടി സ്‌പെഷ്യാല്‍റ്റി വെറ്റിനറി ഹോസ്പിറ്റല്‍ ക്യാമ്പ് ചെയ്യുന്നത്. ഒരു വെറ്റിനറി ഡോക്ടറും, വെറ്റിനറി നേഴ്‌സും, അനിമല്‍ ഹാന്റ്‌ലേഴ്‌സും അടക്കമുള്ള സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

കേരളത്തില്‍ നടപ്പിലാക്കിയിരുന്ന തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന എ.ബി.സി.എ.ആര്‍ പദ്ധതി ഹൈക്കോടതി വിധിയെ തുടര്‍ന്ന് നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് നഗരസഭയുടെ പുതിയ ചുവടുവെപ്പ്. മൃഗസംരക്ഷണ വകുപ്പിന്റെയും ഈരംഗത്തെ വിദഗ്ദ്ധരുടെയും നിര്‍ദ്ദേശപ്രകാരവും ഭാവി ദുരന്ത സാധ്യതകളെ തടയുന്നതിന്റെയും ഫലമായുള്ള ആശയമാണ് പൊന്നാനി നഗരസഭ  നടപ്പാക്കുന്നത്.