കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് അംഗീകാരം

post


മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കക്കടവ് (കാങ്കപ്പുഴ)റഗുലേറ്റര്‍ കം ബ്രിഡ്ജ്  പദ്ധതിക്ക്  കിഫ്ബി ബോര്‍ഡ് അംഗീകാരം. 125 കോടിയുടെ പദ്ധതിയില്‍ റഗുലേറ്റര്‍ ഉള്‍പ്പെടുന്നതിനാല്‍  കുടിവെള്ള ക്ഷാമം  പരിഹരിക്കുന്നതിനും കൃഷിക്കും ജലസേചനത്തിനുള്ള  പ്രധാന  സ്രോതസ്സ് എന്ന നിലയിലും പദ്ധതി ഏറെ പ്രയോജനപ്പെടും. കാലപ്പഴക്കമേറിയ കുറ്റിപ്പുറം പാലത്തിന് പകരമായി പ്രയോജനപ്പെടുത്താനുമാവും. തൃത്താലയുടെ അടിസ്ഥാന-സൗകര്യ വികസനത്തിന് നാഴികക്കല്ലായി പദ്ധതി മാറുമെന്ന് അധികൃതര്‍ അറിയിച്ചു.


നിയമസഭാ സ്പീക്കറും തൃത്താല എം.എല്‍.എ കൂടിയായ എം.ബി രാജേഷിന്റെ നിരന്തരശ്രമത്താലാണ് കാങ്കക്കടവ് (കാങ്കപ്പുഴ )പദ്ധതി  ഫലം കണ്ടിരിക്കുന്നത്. കിഫ്ബി പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് 2021 ഓഗസ്റ്റ് നാലിന്  ധനകാര്യ വകുപ്പ് മന്ത്രി  കെ.എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗം ചേര്‍ന്ന് ഒരു മാസത്തിനകം കരിയന്നൂര്‍-സൂശീലപ്പടി മേല്‍പ്പാലത്തിന് 40  കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.