നെല്‍കൃഷിക്കനുയോജ്യമായ വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി

post

എറണാകുളം: കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ആവാസ വ്യവസ്ഥ പരിരക്ഷിക്കുന്നതിനും ഭൂഗര്‍ഭജലം  കുറയാതെ നിലനിര്‍ത്തുന്നതിനും പ്രകൃതിദത്ത ജലസംഭരണിയായ നെല്‍വയലുകള്‍ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമായതിനാല്‍  ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനുളള പ്രോത്സാഹനമായി നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി നല്‍കുന്നു.

 നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നെല്‍വയലുകളുടെ  ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കിലാണ് റോയല്‍റ്റി അനുവദിക്കുന്നത്.  2020-21 വര്‍ഷത്തില്‍  രജിസ്ട്രഷന്‍ ചെയ്യപ്പെട്ടതും പ്രസ്തുത വര്‍ഷത്തില്‍ ഈ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തതുമായ എല്ലാ അപേക്ഷകളും  2020-21 വര്‍ഷത്തില്‍ റോയല്‍റ്റി  ലഭിക്കുവാന്‍ അര്‍ഹതയുളളതായിരിക്കും.

നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ നെല്‍വയലുകളില്‍ വിളപരിക്രമണത്തിന്റെ ഭാഗമായി പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, എളള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്നു. നിലമുടമകള്‍ക്കും  റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. നെല്‍വയലുകള്‍ തരിശായിട്ടിരിക്കുന്ന ഭൂഉടമകള്‍ പ്രസ്തുത ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കാം. കൃഷി യോഗ്യമായ നെല്‍പ്പാടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഹെക്ടര്‍ ഒന്നിന് 2000 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒരു തവണ അനുവദിക്കും.

ഭൂവിസ്തൃതി കൃഷി ചെയ്യുന്ന സ്ഥലം മുതലായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കണം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത്. പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍  ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എഐഎംഎസ് പോര്‍ട്ടല്‍ മുഖേനയായിരിക്കും നല്‍കുക.


റോയല്‍റ്റിയുളള അപേക്ഷകള്‍ www.aims.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൃഷിക്കാര്‍ക്ക് വൃക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. നടപ്പ് സാമ്പത്തിക വര്‍ഷം കരമടച്ച രസീത്/കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് (മാക്‌സിമം സൈസ് 2 എംബി) ആധാര്‍/വോട്ടര്‍ ഐഡി കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/പാന്‍കാര്‍ഡ് മുതലായ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ബാങ്കിന്റെ പേര്, ശാഖയുടെ പേര്, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.  www.aims.kerala.gov.in പോര്‍ട്ടലില്‍ ലഭിക്കുന്ന റോയല്‍റ്റിക്കുളള അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്ന നെല്‍വയലുകളുടെ ഭൗതിക പരിശോധനയും അപ്ലോഡ് ചെയ്ത് രേഖകളുടെ ഓണ്‍ലൈന്‍ പരിശോധനയും കൃഷി വകുപ്പുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടത്തും.