മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചു

post

കോവിഡ് വാർഡ്, കോവിഡ് ഐസിയു എന്നിവ നേരിട്ട് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി

ലിഫ്റ്റിൽ രോഗികളെ കയറ്റുന്നില്ലെന്ന പരാതിക്ക് ഉടൻ നടപടി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. കോവിഡ് വാർഡ്, കോവിഡ് ഐസിയു എന്നിവ നേരിട്ട് സന്ദർശിച്ചു. കേസ് ഷീറ്റുകൾ പരിശോധിക്കുകയും സീനിയർ ഡോക്ടർമാരുടെ സന്ദർശന സമയം ഉൾപ്പെടെയുള്ളവ വിലയിരുത്തുകയും ചെയ്തു. ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. അത്യാഹിത വിഭാഗം, മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക്, സൂപ്പർ  സ്പെഷ്യാലിറ്റി ബ്ലോക്ക് എന്നിവിടങ്ങളിലെ വിവിധ വിഭാഗങ്ങൾ സന്ദർശിക്കുകയും പ്രവർത്തനം നേരിൽ കാണുകയും ചെയ്തു. അത്യാഹിത വിഭാഗത്തിലെ റെഡ് സോൺ, എമർജൻസി മെഡിസിൻ വിഭാഗം എന്നിവയും മന്ത്രി സന്ദർശിച്ചു.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുന്ന ലിവർ ട്രാൻസ്പ്ലാന്റ് ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവ മന്ത്രി പരിശോധിച്ചു. എത്രയും വേഗം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങളൊരുക്കാൻ മന്ത്രി നിർദേശം നൽകി.
ലിഫ്റ്റിൽ രോഗികളെ കയറ്റുന്നില്ലെന്ന പരാതിക്ക് മന്ത്രി ഉടൻ നടപടി സ്വീകരിച്ചു. അത്യാഹിത വിഭാഗം സന്ദർശിക്കുന്ന സമയത്താണ് ചില രോഗികളുടെ ബന്ധുക്കൾ വന്ന് തങ്ങളെ ലിഫ്റ്റിൽ കയറ്റുന്നില്ലെന്ന് മന്ത്രിയോട് പരാതി പറഞ്ഞത്. ഉടൻ തന്നെ മേലാൽ ഇത്തരം സംഭവമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ലിഫ്റ്റ് ഓപ്പറേറ്ററോട് മന്ത്രി പറഞ്ഞു. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആശുപത്രി അധികൃതർക്ക് മന്ത്രി നിർദേശവും നൽകി.

മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും അക്കാഡമിക് നിലവാരം ഉയർത്തുന്നതിനും വേണ്ടി രൂപീകരിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൂടിയാണ് സന്ദർശനം നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജോ. ഡയറക്ടർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. രവീന്ദ്രൻ എന്നിവർ ഈ കമ്മിറ്റിയിലുണ്ട്. മെഡിക്കൽ കോളേജിലെ കാര്യങ്ങളാണ് ഈ കമ്മിറ്റി പരിശോധിക്കുന്നത്. ഒരു രോഗി അത്യാഹിത വിഭാഗത്തിലെത്തിയാൽ സമയം വൈകാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കണം. കാർഡിയോളജിയ്ക്ക് ശക്തമായ ഒരു ടീമിനെ അത്യാഹിത വിഭാഗത്തിൽ സജ്ജമാക്കണം. സ്ട്രോക്ക് ചികിത്സ ഉരപ്പാക്കണം. സ്ട്രോക്ക് കാത്ത്ലാബ് ഏപ്രിൽ മാസത്തോടെ പ്രവർത്തനസജ്ജമാക്കും. അത്യാഹിത വിഭാഗത്തിലും കോവിഡ് വാർഡുകളിലും സീനിയർ ഡോക്ടർമാരുടെ സേവനം ഉണ്ടാകണം.

മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തുടർച്ചയായ ഇടപെടലുകളാണ് നടത്തി വരുന്നത്. പല തവണ മെഡിക്കൽ കോളേജ് സന്ദർശിക്കുകയും മീറ്റിംഗ് വിളിച്ച് കൂട്ടുകയും ചെയ്തിട്ടുണ്ട്. എത്രയും വേഗം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതിന്റെ കൂടി പ്രവർത്തനം വിലയിരുത്താനാണ് മെഡിക്കൽ കോളേജിലെത്തിയതെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോൺ, ഡോ. അനിൽ സുന്ദരം വിവിധ വകുപ്പ് മേധാവികൾ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.