മിഴിവ് - 2022 ഓണ്‍ലൈന്‍ വീഡിയോമത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു

post


ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി  സംഘടിപ്പിക്കുന്ന മിഴിവ് - 2022 ഓണ്‍ലൈന്‍  വീഡിയോ മത്സരത്തിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, വിജയഗാഥകള്‍, സ്വപ്നപദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ വീഡിയോകള്‍ക്ക്  ആധാരമാക്കാം.  ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകള്‍ക്ക് യഥാക്രമം ഒരുലക്ഷം, അന്‍പതിനായിരം, ഇരുപത്തയ്യായിരം എന്നിങ്ങനെ കാഷ് അവാര്‍ഡ് ലഭിക്കും. പ്രോത്സാഹന സമ്മാനമായി അഞ്ച് പേര്‍ക്ക് അയ്യായിരം രൂപ വീതവും  ലഭിക്കും. എന്‍ട്രികള്‍ ഫെബ്രുവരി 28 വരെ അപ്‌ലോഡ് ചെയ്യാം.


പ്രൊഫഷണല്‍ ക്യാമറയോ മൊബൈലോ ഉപയോഗിച്ച് വീഡിയോകള്‍ ഷൂട്ട് ചെയ്യാം.  ഫിക്ഷന്‍/ ഡോക്യുഫിക്ഷന്‍/ അനിമേഷന്‍, മ്യൂസിക് വീഡിയോ, മൂവിംഗ് പോസ്റ്റേഴ്‌സ് തുടങ്ങി ഏത്  രീതിയില്‍ നിര്‍മിച്ച വീഡിയോകളും മത്സരത്തിനായി പരിഗണിക്കും. എന്നാല്‍, മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ആധാരമായതും സാധാരണക്കാരന് മനസിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതുമായിരിക്കണം സൃഷ്ടികള്‍. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ്‌സ്.


ക്രെഡിറ്റ്‌സ് ഉള്‍പ്പടെ ചേര്‍ത്ത്  എച്ച് ഡി(1920×1080) എംപി4 ഫോര്‍മാറ്റില്‍  mizhiv.kerala.gov.in എന്ന വെബ് സൈറ്റിലാണ് വീഡിയോകള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും  പാസ്‌വേഡും ഉപയോഗിച്ച് വേണം വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍. ഒരാള്‍ക്ക് മൂന്ന് വീഡിയോകള്‍ വരെ മത്സരത്തിനായി സമര്‍പ്പിക്കാം. ഇന്ത്യന്‍ പൗരത്വമുള്ള ഏതൊരാള്‍ക്കും മത്സരത്തില്‍  പങ്കെടുക്കാം.
മത്സരത്തിലേയ്ക്ക് ലഭിക്കുന്ന വീഡിയോകള്‍ വിദഗ്ധ ജൂറി വിലയിരുത്തി സമ്മാനങ്ങള്‍ നിശ്ചയിക്കും.

മിഴിവ് മത്സരത്തിലേയ്ക്ക് ലഭ്യമാകുന്ന എന്‍ട്രികളുടെ മുഴുവന്‍ പകര്‍പ്പവകാശവും ഐ & പിആര്‍ഡിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ prd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.