1000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനവുമായി കായികരംഗം കുതിപ്പിൽ

post

മികവോടെ മുന്നോട്ട് - 11

കേരളത്തിന്റെ കായിക സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് വഴി വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബി ഫണ്ടും കായികവകുപ്പിന്റെ തനത് ഫണ്ടും ഉള്‍പ്പെടെ 1000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് സംസ്ഥാനത്തെ കായികമേഖലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 58 പ്രവൃത്തികളാണ് നടപ്പാക്കുന്നത്. ഇതില്‍ ഒൻപത് എണ്ണം പൂര്‍ത്തിയായി. എട്ട് പ്രവൃത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ 43 ഫുട്ബോള്‍ ഗ്രൗണ്ട്, 33 ഇന്‍ഡോര്‍ സ്റ്റേഡിയം, 27 സിന്തറ്റിക് ട്രാക്ക്, 33 സ്വിമ്മിംഗ്പൂള്‍ എന്നിവ യാഥാര്‍ത്ഥ്യമാകും.


പറളി സ്‌കൂളില്‍ 1.75 ഏക്കര്‍ സ്ഥലത്ത് 7 കോടി രൂപ ചെലവില്‍ സ്പോട്സ് കോംപ്ലക്സ് പൂര്‍ത്തിയാക്കി തുറന്നുകൊടുത്തു. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട്, ചിറ്റൂര്‍, കൊടുമണ്‍, ചാലക്കുടി, എടപ്പാള്‍, തലശ്ശേരി, കൂത്തുപറമ്പ്, അയ്മനം എന്നിവിടങ്ങളില്‍ കായികസമുച്ചയങ്ങള്‍ പൂര്‍ത്തിയായി. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കും ഫുട്ബോള്‍ കോര്‍ട്ടും സ്വിമ്മിങ്ങ്പൂളും ഉള്‍പ്പെടെ കായികസമുച്ചയം പൂര്‍ത്തിയായി. കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ കിഫ്ബി 40 കോടി വീതം അനുവദിച്ച ജില്ലാ സ്റ്റേഡിയങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ നടപടിയെടുത്തു. പത്തനംതിട്ടയില്‍ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും. ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂരിലെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കുന്നംകുളം ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ 7 കോടി രൂപ വീതം മുടക്കി സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം തുടങ്ങി.


എറണാകുളം മഹാരാജാസ് മൈതാനത്ത് ഹോക്കി ടര്‍ഫ് നിര്‍മ്മിക്കാന്‍ ഭരണാനുമതിയായി, മാര്‍ച്ചില്‍ നിര്‍മ്മാണപ്രവൃത്തികള്‍ തുടങ്ങും. മൂന്നാര്‍ ഹൈ ഓള്‍ട്ടിറ്റിയൂഡ് ട്രെയിനിങ്ങ് സെന്റര്‍ കായികസമുച്ചയമായി ഉയര്‍ത്താന്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഒരു കോടി രൂപ ചെലവില്‍ മൂന്നാര്‍ എച്ച്എടിസിയിലുള്ള ഹോസ്റ്റല്‍ സൗകര്യം മെച്ചപ്പെടുത്തുകയും ഫിറ്റ്നസ് സെന്റര്‍ ഒരുക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് 2017ല്‍ കായിക വകുപ്പ് ഏറ്റെടുത്ത രണ്ട് സ്പോര്‍ട്സ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളില്‍ 16 കോടി രൂപയുടെയും കണ്ണൂര്‍ സ്പോർട്സ് ഡിവിഷനില്‍ 6 കോടിയുടെയും വികസനം നടപ്പാക്കി. ജിവി രാജയില്‍ ഫുട്ബോള്‍, ഹോക്കി ഗ്രൗണ്ടുകളും സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും ഒരുക്കി. ക്ലാസ് മുറികളും ഹോസ്റ്റലുകളും കിച്ചനും നവീകരിച്ചു. കണ്ണൂരില്‍ ഹോസ്റ്റല്‍ കെട്ടിടവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഒരുക്കി.


വളര്‍ന്നുവരുന്ന കുട്ടികളുടെ കായിക താത്പര്യങ്ങള്‍ക്ക് പരിശീലനം കൊടുത്ത് വളര്‍ത്തിയെടുക്കാനും കായിക രംഗത്തെ മികച്ച നേട്ടങ്ങൾ എത്തിപ്പിടിക്കാനും അടിസ്ഥാന സൗകര്യവികസനത്തിന്റെ ട്രാക്കിൽ കുതിക്കുകയാണ് കേരളം.