വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് ക്യാപറ്റന്‍മാര്‍ക്കുള്ള പരിശീലനം തുടങ്ങി

post

യുവത്വമെന്നാല്‍ നിസ്വാര്‍ഥതയെന്ന് ചിന്ത ജെറോം


മലപ്പുറം: നിസ്വാര്‍ഥമായി സന്നദ്ധപ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാനുള്ള സന്നദ്ധതയെയാണ് യുവത്വമെന്ന് വിശേഷിപ്പിക്കുന്നതെന്നും അതിന്റെ മാനദണ്ഡം പ്രായമല്ലെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്ത ജെറോം. യുവാക്കളുടെ സേവന സന്നദ്ധത പ്രകൃതി ദുരന്തങ്ങളുടെ പലഘട്ടങ്ങളില്‍ കേരളം കണ്ടതാണെന്നും ചിന്ത ജെറോം പറഞ്ഞു. സംസഥാന യുവനക്ഷേമ ബോര്‍ഡിന്റെ വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത്, മുനിസിപ്പല്‍ ക്യാപ്റ്റന്‍ മാര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ചിന്ത ജെറോം.


കോവിഡ് ഭീതി രൂക്ഷമായിരുന്ന സമയത്ത് വിമാനാപകടത്തില്‍പ്പെട്ടവരെ വാരിയെടുത്ത് ആശുപത്രികളിലെത്തിച്ച മലപ്പുറത്തിന്റെ നിസ്വാര്‍ഥത മാതൃക അന്തര്‍ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതാണ്. കൂടുതല്‍ വനിതകള്‍ വളന്റി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ ഭാഗമാകണമെന്നും ചിന്താ ജെറോം പറഞ്ഞു.  


ദുരന്ത നിവാരണം, മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവിടങ്ങളില്‍ യുവജന ശക്തി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരള വളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന് രൂപം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍മാര്‍ക്കുള്ള പരിശീലനത്തിനാണ് ഊരകം മിനി ഊട്ടി റിസോര്‍ട്ടില്‍ തുടക്കമായത്.