കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് കെഎസ്ആർടിസിയിൽ ഉല്ലാസയാത്ര നടത്താം

post

കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു.  ഫെബ്രുവരി 27 മുതൽ കണ്ണൂർ ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങുന്നതോടെ മലബാർ മേഖലയിൽ നിന്നും ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവിൽ ഉല്ലാസ യാത്ര സാധ്യമാകും.  

മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള തടാകം, ഇക്കോ പോയിന്റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ഫ്‌ളവർ ഗാർഡൻ എന്നിവയാണ് യാത്രയിലൂടെ കാണാനാകുക. കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്.
മൂന്നാറിൽ എ സി സ്ലീപ്പർ ബസിൽ താമസവും കാഴ്ചകൾ കാണുന്നതും ഉൾപ്പെടെ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്.  ഭക്ഷണ ചെലവും എൻട്രി ഫീസും യാത്രക്കാർ വഹിക്കണം. ഇത് ഉപയോഗപ്പെടുത്തിയാൽ ചെറുസംഘമായി യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ മൂന്നാർ കണ്ട് മടങ്ങാം.  അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മറ്റു സമയങ്ങളിൽ വാട്ട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം.