ബാലവേലയെ പറ്റി വിവരം നൽകുന്നവർക്ക് പാരിതോഷികം

post


കണ്ണൂർ: ജില്ലയിൽ ബാലവേലയെ പറ്റി വിവരം നൽകുന്ന വ്യക്തിക്ക് വനിതാ ശിശുവികസന വകുപ്പ് 2500 രൂപ പാരിതോഷികം നൽകും. ബാലവേല, ബാല ഭിക്ഷാടനം, തെരുവ് ബാല്യ വിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളുമായി വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയിലൂടെ 565 കുട്ടികളെയാണ് 2018 നവംബർ മുതൽ 2021 നവംബർ വരെമൂന്ന് വർഷം കൊണ്ട് രക്ഷിച്ചത്.

നിയമപ്രകാരം 14 വയസ്സ് പൂർത്തിയാകാത്ത കുട്ടികളെ ജോലി ചെയ്യിക്കാനോ 14 വയസ്സ് കഴിഞ്ഞതും 18 വയസ്സ് പൂർത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളിൽ ഏർപ്പെടുത്താനോ പാടില്ല. കുടുംബത്തിലെ ബുദ്ധിമുട്ടുകൾ, ദാരിദ്ര്യം, മറ്റു കാരണങ്ങൾ എന്നിവ കൊണ്ട് കുട്ടികൾ ജോലി ചെയ്യേണ്ടി വരുമ്പോൾ അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയെ അത് ദോഷകരമായി ബാധിക്കും. ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തിയാൽ ആറ് മാസം മുതൽ രണ്ട് വർഷം വരെയാണ് തടവ്.


ജില്ലാ ശിശുസംരക്ഷണ ഓഫീസിലെ ശരണബാല്യം  റെസ്‌ക്യു ഓഫീസർക്കാണ് വിവരം നൽകേണ്ടത്. വിവരങ്ങൾ വ്യക്തവും സത്യസന്ധവുമായിരിക്കണം. നൽകുന്ന വിവരത്തിൽ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം/സ്ഥലത്തിന്റെ പേരും വിലാസവും ഫോട്ടോയും, ഉടമസ്ഥന്റെ പേര് വിവരങ്ങൾ, കുട്ടിയുടെ ഫോട്ടോ (ഉണ്ടെങ്കിൽ) അല്ലെങ്കിൽ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന മറ്റു വിവരങ്ങൾ എന്നിവ ഉണ്ടായിരിക്കണം.


ഒരേവിവരം ഒന്നിലധികം വ്യക്തികളിൽ നിന്നും ലഭിച്ചാൽ ആദ്യം വിവരം നൽകുന്നയാൾക്കാണ് പാരിതോഷികം ലഭിക്കുക. വിവരദാതാക്കളുടെ വ്യക്തിത്വം ഒരു കാരണവശാലും വെളിപ്പെടുത്തില്ല. ജില്ലയിൽ ബാലവേല നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ 0490 2967199, 8281213156 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.