സമ്പൂര്‍ണ ഡിജിറ്റല്‍ റീസര്‍വേ: പൊന്നാനിയിലെ കടല്‍ പുറമ്പോക്ക് ഭൂമി പോലെയുള്ള അണ്‍സര്‍വേയ്ഡ് ലാന്റുകള്‍ക്ക് പ്രാഥമിക പരിഗണന

post

മലപ്പുറം: സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ പൊന്നാനിയിലെ കടല്‍ പുറമ്പോക്ക് ഭൂമി പോലെയുള്ള അണ്‍സര്‍വേയ്ഡ് ലാന്റുകള്‍ക്ക് പ്രാഥമിക പരിഗണന നല്‍കി സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് പട്ടയം അനുവദിക്കുന്ന വിഷയം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. നിയമസഭയില്‍ പി.നന്ദകുമാര്‍ എം.എല്‍.എ ഉന്നയിച്ച സബ്മിഷന്  മന്ത്രി മറുപടി നല്‍കുകയായിരുന്നു.

സംസ്ഥാന സര്‍വേ അതിര്‍ത്തിക്ക് പുറത്തുള്ള സ്ഥലമായതിനാല്‍ സെന്‍ട്രല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ മാത്രമാണ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുക.  ജില്ലയില്‍ പൊന്നാനി നഗരം, വെളിയങ്കോട്, പെരുമ്പടപ്പ് തുടങ്ങിയ വില്ലേജുകളില്‍ തീരദേശ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും ഭൂനികുതി സ്വീകരിക്കാത്തത് സംബന്ധിച്ച് ഉന്നയിച്ച വിഷയം സര്‍ക്കാര്‍ വളരെ ഗൗരവമായി പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍വേ അതിര്‍ത്തിക്ക് പുറത്ത് അണ്‍സര്‍വേയ്ഡ് ലാന്റായി കിടന്ന കടല്‍ ഇറങ്ങിയ സ്ഥലമാണ് പൊന്നാനി നഗരം, വെളിയങ്കോട്, പെരുമ്പടപ്പ് തുടങ്ങിയ വില്ലേജുകളിലെ തീരദേശ പുറമ്പോക്ക് ഭൂമി. സര്‍വേ നടപടികള്‍ നടന്ന 1930-35 കാലഘട്ടത്തില്‍ കടല്‍ പുറമ്പോക്കായി മാറ്റിയിട്ടിരുന്ന സ്ഥലത്ത് കാലക്രമത്തില്‍ കടല്‍ ഇറങ്ങുകയും വലിയ വിസ്തൃതിയുള്ള സ്ഥലം പുറമ്പോക്കായി മാറുകയുമായിരുന്നു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ വീടുകള്‍ നിര്‍മിച്ച്  താമസമാക്കുകയും ചെയ്തു. സ്ഥലത്തെ താമസക്കാര്‍ക്ക് പട്ടയം വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ പ്രത്യേക സര്‍വേ ടീമിനെ നിയോഗിച്ച് സര്‍വേ ചെയ്ത് പ്ലോട്ടുകളാക്കി 1982 മുതലുള്ള കാലയളവില്‍ താമസക്കാര്‍ക്ക് പട്ടയം അനുവദിച്ചു നല്‍കി. എന്നാല്‍  സര്‍വേ രേഖകളില്‍ ഭൂമി ഉള്‍പ്പെടുത്തുകയോ വിജ്ഞാപനം ചെയ്യപ്പെടുകയോ ചെയ്യാത്തതു കാരണം പട്ടയങ്ങള്‍ നിയമ വിധേയമല്ലാത്തതിനാല്‍ കടല്‍ പുറമ്പോക്ക് ഭൂമിക്ക് പോക്കുവരവ് ചെയ്ത് കരമടക്കാന്‍ സാധിക്കില്ല. കേരള ലാന്‍ഡ് ടാക്സ് ആക്ട് പ്രകാരം നിലവില്‍ കൈവശ ഭൂമിക്ക് കൈവശക്കാരനില്‍ നിന്നും ഭൂനികുതി (Other than basic tax-LR OBT എന്ന പേരില്‍) സ്വീകരിക്കുക മാത്രമാണിപ്പോള്‍ ചെയ്യുന്നത്.