ദുരന്ത നിവാരണ പദ്ധതി; ശില്പശാല സംഘടിപ്പിച്ചു
പാലക്കാട് : ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുതല ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ 'നമ്മള്‍ നമുക്കായി' എന്ന പേരില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ജി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.
ആലത്തൂര്‍ പഞ്ചായത്തിനു കീഴിലുള്ള ഓരോ വാര്‍ഡുകളിലെയും പ്രളയം ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുകയും ഇവ തരണം ചെയ്യാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ തയ്യാറാക്കാന്‍ പ്രത്യേകം പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് മുഖേന രൂപം നല്‍കിയിട്ടുണ്ട്. ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന വിവിധ വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ച് അതത് പ്രദേശങ്ങളില്‍ സര്‍വ്വേ നടത്തും. തുടര്‍ന്ന് സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ 2020 ലെ ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്നും ശില്‍പശാലയില്‍ വ്യക്തമാക്കി.
റിട്ട. എ.ഇ.ഒ രവിദാസന്‍, വിദ്യാഭ്യാസ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയക്ടര്‍ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവര്‍ക്ക് ക്ലാസെടുത്തു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമ, ദുരന്ത നിവാരണം പഞ്ചായത്ത് കോഡിനേറ്റര്‍ പി. ബൈജു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. എ നാസര്‍, സെക്രട്ടറി ടി എല്‍ അജിത്ത് പ്രസാദ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എ ഷൈനി എന്നിവര്‍ സംസാരിച്ചു.