രണ്ടേക്കറിൽ പച്ചക്കറി കൃഷിയിറക്കി തൊഴിലുറപ്പ് തൊഴിലാളികൾ

post



സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രണ്ടേക്കറിൽ പച്ചക്കറി കൃഷി ചെയ്ത് മട്ടന്നൂർ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. ആണിക്കര കല്ലൂരിലെ പാടത്താണ് ഇവർ കൃഷിയിറക്കിയത്. 37 തൊഴിലാളികൾ ചേർന്നാണ് കൃഷി ചെയ്തത്. 400 തൊഴിൽ ദിനങ്ങൾ ഇതിനായി വിനിയോഗിച്ചു. നിലമൊരുക്കൽ, വിത്തിടൽ, പരിപാലനം, വിളവെടുപ്പ് തുടങ്ങിയ എല്ലാ പ്രവൃത്തികളും ഇവർ തന്നെയാണ് ചെയ്യുന്നത്.

വെള്ളരി, വെണ്ട, പയർ, അഞ്ചു തരം ചീര, കുമ്പളം, മത്തൻ, തണ്ണിമത്തൻ, പാവയ്ക്ക തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്. അഞ്ചാം വാർഡ് കൗൺസലർ കെ മജീദിന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്. വിപണി വിലയിൽ നിന്നും അഞ്ചു രൂപ കുറച്ചാണ് വിൽപന. ഇപ്പോൾ ചീരയുടെ വിളവെടുപ്പ് മാത്രമാണ് തുടങ്ങിയത്. കീച്ചേരി എൽ പി സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സൗജന്യമായി നൽകും. പച്ചക്കറി വിളവെടുപ്പിന് ശേഷം ഈ സ്ഥലത്ത് നെൽകൃഷി ആരംഭിക്കാനാണ് തീരുമാനം.