വിനോദസഞ്ചാര ഇടത്താവളമാകാനൊരുങ്ങി ചെല്ലഞ്ചിപ്പാലം

post

തിരുവനന്തപുരം: തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വര്‍ക്കലയേയും പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര ഇടത്താവളമാകാനൊരുങ്ങി ചെല്ലഞ്ചിപ്പാലം. വര്‍ക്കല ബീച്ചില്‍ നിന്നും നെടുമങ്ങാട് വഴി ചുറ്റിത്തിരിയാതെ ആറ്റിങ്ങല്‍ - വെഞ്ഞാറമൂട് - നന്ദിയോട് - വിതുര വഴി അനായാസം പൊന്മുടിയിലേക്ക് എത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. നന്ദിയോട് - കല്ലറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാമനപുരം നദിക്ക് കുറുകെ 148.25 മീറ്റര്‍ നീളത്തില്‍ പണിതിരിക്കുന്ന പാലം കാണാന്‍ ഇതിനോടകം തന്നെ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. പൊന്മുടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്കുള്ള ഒരു ഇടത്താവളമെന്ന നിലയില്‍ ചെല്ലഞ്ചിപ്പാലത്തിനെ വികസിപ്പിക്കാനൊരുങ്ങുകയാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത്.

വാമനപുരം നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം പറഞ്ഞു. ചെല്ലഞ്ചിപ്പാലത്തിന്റെ മുഖം മിനുക്കുന്നതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരുന്നു. പാലത്തില്‍ നിന്നും നദിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കുള്ള ഇരിപ്പിടങ്ങളും കുട്ടികള്‍ക്കുള്ള കളിസ്ഥലവും പാര്‍ക്കും ഉടന്‍ തന്നെ നിര്‍മ്മാണം തുടങ്ങും. നദിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പാലത്തിന് മുകളില്‍ ഫെന്‍സിംഗുകളും സ്ഥാപിക്കും. നിരീക്ഷണത്തിനായി സി.സി.ടി.വി ക്യാമറാ സംവിധാനവും സഞ്ചാരികള്‍ക്ക് വേണ്ടി കഫ്റ്റീരിയയും ഒരുക്കും.ബ്ലോക്ക് പഞ്ചായത്തിലെ നദിയൊഴുകുന്ന പ്രദേശങ്ങളില്‍ നദീ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണ നാടകങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

പാലത്തിന് ഇരുവശത്തുമുള്ള റോഡ് ആധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 28.69 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് വാമനപുരം എം.എല്‍.എ ഡി.കെ.മുരളി അറിയിച്ചു. മുതുവിള - ചെല്ലഞ്ചി - കുടവനാട് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.