യുദ്ധവിരുദ്ധ കാംപയിനുമായി ജില്ലാ സാക്ഷരതാ മിഷന്‍

post

ഇടുക്കി: ഇടുക്കി ജില്ലയിലെ സാക്ഷരതാ തുടര്‍ വിദ്യാകേന്ദ്രങ്ങളിലും പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ പഠനകേന്ദ്രങ്ങളിലും ഒരാഴ്ച കാലം നീണ്ടു നില്ക്കുന്ന യുദ്ധവിരുദ്ധ കാംപയിന് കട്ടപ്പനയില്‍ തുടക്കമായി. കട്ടപ്പന ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് ഹാളില്‍ നടന്ന പരിപാടിയില്‍ കട്ടപ്പന, നെടുങ്കണ്ടം, അഴുത, ഇടുക്കി ബ്ലോക്കുകളിലെയും കട്ടപ്പന നഗരസഭയിലെയും 43  സാക്ഷരതാ പ്രേരക്മാര്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്ത്
കാംപയിന്റെ ഭാഗമായി.

ജില്ലയിലെ 63 വിദ്യാകേന്ദ്രങ്ങളിലും, 11 വികസന കേന്ദ്രങ്ങളിലും, 18 തുല്യത സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലും മാര്‍ച്ച് 6 നകം ബോധവത്കരണ ക്ലാസുകളും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും. പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയിലെ 1700 ഓളം ഇന്‍സ്ട്രക്ടര്‍മാരും സാക്ഷരതാ മിഷന്റെ
പത്താംതരം തുല്യത, ഹയര്‍ സെക്കണ്ടറി തുല്യത പഠിതാക്കളായ 1400 ഓളം പഠിതാക്കളും കാംപയിനില്‍ പങ്കെടുക്കും. തുടര്‍ പഠനം മുടങ്ങിയവര്‍ക്കായി പത്ത്, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളില്‍ ചേരുന്നതിന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തും. പഠ്ന ലിഖ് ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ട ഇന്‍സ്ട്രക്ടര്‍ പരിശീലനവും ക്ലാസ് പരിശോധനയും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം യുദ്ധവിരുദ്ധ കാംപയിന്‍ ഉദ്ഘാനം ചെയ്തു.