സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ വാക്സിന്‍ ഡ്രൈവിനൊരുങ്ങി എറണാകുളം; ലക്ഷ്യം സമ്പൂര്‍ണ വാക്സിനേഷന്‍

post

എറണാകുളം: നൂറ് ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സമ്പൂര്‍ണ്ണ വാക്‌സിന്‍ യജ്ഞവുമായി എറണാകുളം ജില്ല. ജില്ലയിലെ 80 സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് വാക്‌സിനേഷന്‍ നടപ്പാക്കുക. ഈ മാസം 28 മുതല്‍ മാര്‍ച്ച് ഏഴുവരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വാക്‌സിന്‍ ഡ്രൈവില്‍, സ്വകാര്യ ആശുപത്രികളില്‍ നിന്ന് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കും. ഒരാഴ്ച കാലയളവിനുള്ളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കു 60 വയസിന് മുകളിലുള്ളവര്‍ക്കും കരുതല്‍ ഡോസ് നല്‍കാനും വാക്‌സിനേഷന്‍ അവലോകന യോഗത്തില്‍ തീരുമാനമെടുത്തു.

ജില്ലയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ 98 ശതമാനത്തോട് അടുത്തിരിക്കുകയാണ്. ആയിരത്തില്‍ താഴെ പേര്‍ മാത്രമാണ് ഒന്നാം ഡോസ് ഇനിയും സ്വീകരിക്കാനുള്ളത്. അവര്‍ക്കുള്ള വാക്‌സിനേഷനും പൂര്‍ത്തിയാക്കും. ആവശ്യമെങ്കില്‍ വാക്‌സിന്‍ ഡ്രൈവ് തുടരാമെന്നും അറിയിച്ചു. സൗജന്യ വാക്‌സിനേഷനായി സ്വകാര്യ ആശുപത്രികള്‍ക്ക് പ്രത്യേക ഐഡി നല്‍കും. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ പെയ്ഡ് വാക്‌സിനേഷന്‍ നടത്തരുതെന്നും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വാക്സിന്‍ സ്ലോട്ടുകള്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കണമെന്നും വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.എം.ജി ശിവദാസ് അറിയിച്ചു. വാക്‌സിനേഷനാവശ്യമായ വാക്‌സിന്‍, സിറിഞ്ച് എന്നിവ സ്വകാര്യ ആശുപത്രികള്‍ക്ക് എത്തിച്ചുനല്‍കും. വാക്‌സിനേഷന്‍ 100 ശതമാനത്തിലേക്ക് എത്തിക്കുന്നതിനായി എല്ലാവരും സഹകരിക്കണമെന്നും നോഡല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.