സ്‌പോര്‍ട് കേരള മാരത്തണ്‍; മാര്‍ച്ച് ഒന്നിന് കണ്ണൂരില്‍ തുടങ്ങും
കണ്ണൂര്‍ : റണ്‍ ഫോര്‍ യൂണിറ്റി മുദ്രാവാക്യവുമായി കായികവകുപ്പ് സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കേരള മാരത്തണ്‍ 2020 ന് മാര്‍ച്ച് ഒന്നിന് കണ്ണൂരില്‍ തുടക്കമാകും. പുരുഷ വനിതാ വിഭാഗങ്ങളിലായി മൂന്ന്, അഞ്ച്, 10, 21 കിലോമീറ്ററിലാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. പുലര്‍ച്ചെ 5.30 ന് ടൗണ്‍ സ്‌ക്വയറില്‍ മാരത്തണ്‍ ആരംഭിക്കും. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ആലോചന യോഗം ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ആകെ രണ്ട് ലക്ഷം രൂപയാണ് പ്രൈസ് മണി. 21 കിലോമീറ്റര്‍ മാരത്തണില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കുന്നവര്‍ക്ക് 25,000 രൂപയും രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000, 3000, 2000 രൂപയും ലഭിക്കും. 10 കിലോ മീറ്ററിന് ഒന്നാം സമ്മാനമായി 15,000 രൂപയും അഞ്ച് കിലോമീറ്റര്‍ മാരത്തണില്‍ 11,000 രൂപയും ലഭിക്കും. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ടീ ഷര്‍ട്ട്, ഇ സര്‍ട്ടിഫിക്കറ്റ്, ഫിനിഷേര്‍സ് മെഡല്‍ എന്നിവ നല്‍കും. കുടിവെള്ളം, ലഘുഭക്ഷണം, മെഡിക്കല്‍ സംവിധാനം എന്നിവയും ഒരുക്കും.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, എഡിഎം ഇ പി മേഴ്‌സി, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.